പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിനി അമ്മുവിന്‍റെ മരണത്തിൽ മൂന്ന് വിദ്യാർഥിനികൾ പൊലീസ് കസ്റ്റഡിയിൽ. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ എഫ്ഐആറിലും മാറ്റം വരുത്തും.
കസ്റ്റഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനാപുരം സ്വദേശിയുമാണ്. അമ്മുവിന്റെ മരണത്തിനു പിന്നാലെ ഇവർക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. സഹപാഠികളായ മൂന്ന് വിദ്യാർഥിനികൾ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു. രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ കോളജ് അധികൃതർ ഇടപെട്ടില്ലെന്നുമാണ് പരാതിയിൽ പറഞ്ഞത്. കൂടാതെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിലും ചികിത്സ നൽകുന്നതിലും വീഴ്ചയുണ്ടായെന്നും ആരോപണമുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിന്‍റെ സഹോദരൻ അഖിലിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയരായ പെൺകുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അമ്മുവിന്‍റെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ക്ലാസിൽ സഹപാഠികൾ തമ്മിലുണ്ടായ ഭിന്നത ആത്മഹത്യയിലേക്ക് അമ്മുവിനെ നയിച്ചു എന്നാണ് പൊലീസ് നിഗമനം.
There is no ads to display, Please add some