അരങ്ങിനു മുൻപിലുള്ളവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവിൽ കരയിച്ചും ജെസി മോഹനും അഞ്ജലിയും ജീവിതത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്കു മാഞ്ഞു. കേളകത്തെ വാഹനാപകടത്തിൽ മരിച്ച ഇരുവരും കായംകുളം ദേവ കമ്യൂണിക്കേഷൻസിലെ പ്രധാന നടിമാരായിരുന്നു. ഇവർ അഭിനയിച്ചുതകർത്ത ‘വനിതാ മെസ്’ എന്ന നാടകത്തിലെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുമ്പോൾ കാഴ്ചക്കാരുടെ മനസ്സിൽ ബാക്കിയാകുന്നതു നൊമ്പരം മാത്രം. പ്രദീപ് കാവുന്തറ എഴുതി രാജീവൻ മമ്മിളി സംവിധാനം ചെയ്ത വനിതാ മെസ്സിന്റെ പതിനഞ്ചാമത്തെ വേദിയായിരുന്നു കടന്നപ്പള്ളി തെക്കേക്കരയിലെ റെഡ് സ്റ്റാറിന്റെ നാടകോത്സവ വേദി. ഇരട്ടവേഷത്തിലായിരുന്നു ജെസി. ഇന്ദ്രാണി, മേരി എന്നീ രണ്ടു കഥാപാത്രങ്ങളെ ഗംഭീരമായിട്ടാണ് ജെസി അവതരിപ്പിച്ചത്.

അച്ചു എന്ന പെൺകുട്ടിയുടെ വേഷമായിരുന്നു അഞ്ജലിക്ക്. വനിതാശാക്തീകരണം വിഷയമായ നാടകം വളരെ പെട്ടെന്നുതന്നെ പേരെടുത്തിരുന്നു. നാടകം ജീവിതോപാധി മാത്രമായിരുന്നില്ല രണ്ടുപേർക്കും. അരങ്ങിനെ അവർ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു.

പത്തുമണിയോടെ അവസാനിച്ച നാടകത്തിന് ശേഷം സംഘാടകർ നൽകിയ ഭക്ഷണവും കഴിച്ചാണ് പതിനൊന്നരയോടെ നാടക സംഘം വെള്ളിയാഴ്ച നാടകം അവതരിപ്പിക്കേണ്ട സുൽത്താൻബത്തേരിയിലേക്ക് തിരിച്ചത്. കേളകം മലയാം പാടിയിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണമായത് വഴിയെ കുറിച്ച് യാതൊരു പരിചയമില്ലാത്തതും രാത്രി ഏറെ വൈകിയുള്ളയാത്രയുമാണ്‌. നിടുംപൊയിൽ -പേര്യ ചുരം വഴിയുള്ള യാത്ര റോഡിൽ ഗർത്തങ്ങൾ ഉണ്ടായതിനെ തുടർന്ന് നിരോധിച്ചതിനാൽ ബോയ്സ് ടൗൺ വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങൾ പോയിരുന്നത്. ഏലപ്പീടിക വഴി ചെറു വാഹനങ്ങൾക്ക് മാത്രം പോകാനാവുന്ന മറ്റൊരു റോഡിലുടെ എത്താനാണ് ഇവർ ശ്രമിച്ചത്. ഗൂഗിൾ മാപ്പ് പറഞ്ഞു കൊടുത്ത എളുപ്പവഴിയായിരുന്നു ഇത്.

രാത്രിയിൽ ​ഗൂ​ഗിൾ മാപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ച് സ്റ്റിയറിങ് തിരിച്ച ഡ്രൈവർ അറിഞ്ഞിരുന്നില്ല മുന്നിൽ കാത്തിരുന്ന അപകടം. ആഴമുള്ള താഴ്ച്ചയിലേക്ക് ബസ് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. മുൻ സീറ്റിലിരിക്കുകയായിരുന്ന അഞ്ജലിയും ജെസി മോഹനനുമാണ് മരിച്ചത്. വേദിയിൽ നിന്ന് വേദിയിലേക്കുള്ള നാടക അവതരണത്തിൽ നിന്നും ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇവർ കുടുംബം നോക്കിയിരുന്നത്. മരണപ്പെട്ട അഞ്ജലിക്ക് ഒരു കുഞ്ഞുണ്ട്. ജെസിയുടെ ഭർത്താവ് അടുത്തിടെയാണ് മരിച്ചത്. രണ്ടു കുടുംബത്തിനും തീരാ നഷ്ടമായിരിക്കുകയാണ് കലാകാരികളുടെ വിയോഗം.

Leave a Reply

Your email address will not be published. Required fields are marked *