എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള കോടതി വിധിയിലെ തന്റെ മൊഴി ശരിവെച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞതായുള്ള കോടതി വിധിയിലെ മൊഴി താന്‍ പൊലീസിന് നല്‍കിയതാണ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ പി ഗീതയുടെ റിപ്പോര്‍ട്ടിലും ഈ മൊഴിയുണ്ട്. കോടതി വിധിയില്‍ തന്റെ മൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാണ്. എന്നാല്‍ തന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ കേസില്‍ അന്വേഷണം നടക്കുകയാണ്. കൂടുതല്‍ പറയുന്നതിന് തനിക്ക് പരിമിതികള്‍ ഉണ്ട്. ഇത് ഇതിന് മുന്‍പും താന്‍ പറഞ്ഞിട്ടുള്ള കാര്യമാണെന്നും നവീന്‍ ബാബു കുറ്റസമ്മതം നടത്തിയോ എന്ന ചോദ്യത്തിന് മറുപടിയായി കലക്ടര്‍ പറഞ്ഞു. 14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിക്കുകയും അക്കാര്യം യാത്രയയപ്പു യോഗത്തില്‍ പരാമര്‍ശിക്കുമെന്നു പറയുകയും ചെയ്തപ്പോള്‍ വ്യക്തമായ തെളിവില്ലാതെ കാര്യങ്ങള്‍ പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് കലക്ടര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. കോടതി വിധിയില്‍ കലക്ടറുടെ മൊഴിയായി പറഞ്ഞിരിക്കുന്ന ഇക്കാര്യവും കലക്ടര്‍ നിഷേധിച്ചില്ല. കോടതി വിധിയില്‍ തന്റെ മൊഴിയായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് കലക്ടര്‍ ആവര്‍ത്തിച്ചു.
പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34-ാം പേജിലാണ് കലക്ടറുടെ മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായുള്ള സമ്മതമാകില്ലെന്ന് വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളുകയായിരുന്നു. കലക്ടര്‍ പൊലീസിന് ഇങ്ങനെ മൊഴി നല്‍കിയ കാര്യം കോടതിയില്‍ വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ ആണ് ഉന്നയിച്ചത്.
There is no ads to display, Please add some