എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ മഹാരാജാസ് കോളജിലെ പഠനം അവസാനിപ്പിക്കുന്നു. ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ ഏഴാം സെമസ്റ്റർ വിദ്യാർഥിയായ ആർഷോ ഈ സെമസ്റ്റർ ആരംഭിച്ച ശേഷം ക്ലാസിൽ എത്തിയിട്ടില്ലെന്ന് കാട്ടി കോളജ് അധികൃതർ നോട്ടിസ് അയച്ചിരുന്നു. ഇതിനു മറുപടിയായി താൻ ആറാം സെമസ്റ്റർ കൊണ്ട് എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ ഇ–മെയിൽ മുഖേനെ ക്ലാസ് ടീച്ചറിനെ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം, ഏഴാം സെമസ്റ്ററിൽ തുടർ പഠനത്തിന് പേരുണ്ടായിരിക്കെ, ആർഷോയ്ക്ക് എക്സിറ്റ് ഓപ്ഷൻ നൽകാനാകുമോ അതോ ‘റോൾ ഔട്ട്’ എന്ന പുറത്താക്കൽ നടപടിയാണോ സ്വീകരിക്കുക എന്ന കാര്യത്തിൽ യൂണിവേഴ്സിറ്റിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് കോളജ് എന്നാണ് വിവരം. 15 ദിവസം തുടർച്ചയായി ഹാജരായില്ലെങ്കിൽ ഇതിന്റെ വിശദീകരണം ചോദിക്കുക എന്ന സാങ്കേതിക കാര്യം അന്വേഷിക്കുകയാണ് ചെയ്തത് എന്നാണ് കോളജ് അധികൃതർ പറയുന്നത്. തുടരാൻ താൽപര്യമില്ലെങ്കിൽ ഇവരെ റോൾ‍ ഔട്ട് ചെയ്യും. ഈ സാഹചര്യത്തിലാണ് താൻ ആറ് സെമസ്റ്റര്‍ കൊണ്ട് പഠനം അവസാനിപ്പിക്കുന്നെന്ന് ആർഷോ അറിയിച്ചിരിക്കുന്നത്.

10 സെമസ്റ്ററുള്ള ഇന്റഗ്രേറ്റഡ് കോഴ്സിൽ ആറു സെമസ്റ്റർ കഴിഞ്ഞാൽ എക്സിറ്റ് ഓപ്ഷൻ എടുക്കാമെന്നാണ് ചട്ടം. ഡിഗ്രിയുടെ തുടർച്ചയായി പി.ജിയും കൂടി പഠിക്കാനുള്ളതാണ് ഇന്റഗ്രേറ്റഡ് കോഴ്സ്. ആറു സെമസ്റ്റർ അഥവാ 3 വർഷം കഴിഞ്ഞാൽ ബിരുദം മാത്രമേ പൂർത്തിയാകുന്നുള്ളൂ. താന്‍ പി.ജി.പഠനത്തിനില്ലെന്നും ഡിഗ്രി കൊണ്ട് മഹാരാജാസിലെ പഠനം അവസാനിപ്പിക്കുന്നു എന്നുമാണ് ആർഷോ വ്യക്തമാക്കിയിരിക്കുന്നത്. ഇത് അനുവദിക്കുമോ അതോ റോൾ ഔട്ട് ചെയ്യുക എന്ന സാങ്കേതികകാര്യം ചെയ്യുമോ കോളജ് അധികൃതർ എന്നാണ് അറിയാനുള്ളത്. നേരത്തെ മാർക്ക് ലിസ്റ്റ് വിവാദത്തിലടക്കം ആർഷോ ഇടംപിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *