ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപ്പെട്ടതായി അധികൃതർ. ജയിലിനകത്തെ രാമലീലയ്ക്കിടെയാണ് സംഭവം. രാമലീലയിൽ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഉത്തരാഖണ്ഡ് റൂർക്കെ സ്വദേശിയായ പങ്കജ്, തട്ടിക്കൊണ്ടുപോകൽ കേസിലെ വിചാരണ തടവുകാരൻ യുപി ഗോണ്ട സ്വദേശി രാജ്കുമാർ എന്നിവരാണ് ചാടിപ്പോയത്. സീതയെ കണ്ടെത്താനെന്ന വ്യാജേനയാണ് പ്രതികൾ മുങ്ങിയത്.
രാമലീലയ്ക്കിടെ ഇരുവരും ഓടിപ്പോകുന്നത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം കണ്ടെങ്കിലും അഭിനയമെന്ന് കരുതി കാര്യമാക്കിയില്ല. രാമലീല കഴിഞ്ഞിട്ടും വാനരപ്പട മടങ്ങിയെത്താതായതോടെയാണ് പൊലീസിന് അബദ്ധം മനസ്സിലായത്. എന്തായാലും ജയിൽ ചാട്ടത്തിന് രാമലീലയും ആയുധമാക്കിയതോടെ പൊലീസ് വെട്ടിലായി. ഇരുവർക്കുമായുള്ള നെട്ടോട്ടത്തിലാണ് ഹരിദ്വാർ പൊലീസ്.
സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. സീനിയർ പൊലീസ് സൂപ്രണ്ട് പ്രമേന്ദ്ര സിങ് ഡോവൽ, ജില്ലാ മജിസ്ട്രേറ്റ് കമേന്ദ്ര സിങ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ശനിയാഴ്ച ജയിലിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ചു. കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് സംഘത്തെയും ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതർ അന്വേഷിക്കുന്നുണ്ട്. ഇരുവരെയും പിടികൂടാനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.