കൊച്ചി: ബലാല്‍സംഗ കേസില്‍ സുപ്രീം കോടതി താത്ക്കാലിക ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി സിദ്ദിഖ്. അഡ്വ. ബി രാമന്‍പിള്ളയുടെ കൊച്ചിയിലെ ഓഫിസിലാണ് സിദ്ദിഖ് എത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങി.
കഴിഞ്ഞ അഞ്ച് ദിവസമായി സിദ്ദിഖ് കാണാമറയത്തായിരുന്നു. എന്നാല്‍ നടന്‍ കൊച്ചിയില്‍ തന്നെ ഉണ്ടായിരുന്നതായാണ് സൂചന. സിദ്ദിഖിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് വീട്ടിലെത്തിയെങ്കിലും അകത്ത് കയറി പരിശോധന നടത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവില്‍ പോയത്. സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നിയോമപദേശം തേടുകയായിരുന്നു സിദ്ദിഖിന്റെ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് അറിയുന്നത്.
മകനൊപ്പമാണ് സിദ്ദിഖ് രാമന്‍പിള്ളയുടെ ഓഫീസില്‍ എത്തിയത്. സിദ്ദിഖ് സ്വമേധയാ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായേക്കില്ല എന്നാണ് സൂചന. ഇത്തരത്തില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം നോട്ടിസ് നല്‍കി ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ അപ്രകാരം ചെയ്യാനാണ് സിദ്ദിഖിന്റെ ആലോചനയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥകളും സെഷന്‍സ് കോടതിക്ക് തീരുമാനിക്കാം. ഇത്തരത്തില്‍ മുന്‍കൂര്‍ ജാമ്യം നേടിയ മുകേഷിനെയും ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു.
There is no ads to display, Please add some