മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിൽനിന്ന് പിന്മാറി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. കാർവാർ എസ്.പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജർ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നുമടക്കം ആരോപിച്ചാണ് മാൽപെ ദൗത്യം അവസാനിപ്പിച്ചത്.

മോശമായ ഫോൺ സംഭാഷണം തന്റെ സംഘത്തിലുള്ളവരും കേട്ടു. നീ വലിയ ഹീറോ ആകേണ്ട എന്നതരത്തിൽ സംസാരിച്ചുവെന്നാണ് ഈശ്വർ മാൽപെ പറയുന്നത്. ഒരു പൈസപോലും വാങ്ങാതെ തിരച്ചിലിനിറങ്ങുന്നത് ഹീറോ ആകാൻ വേണ്ടിയല്ല. അതിനാൽ ഹീറോ ആകാനില്ല ഞാൻ പോകുകയാണെന്ന് അധികൃതരോട് പറഞ്ഞു. ഡ്രജ്ഡർ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനമല്ല ഉണ്ടായത്. 15 ദിവസം ദൗത്യത്തിന്റെ ഭാഗമായതിനാൽ ഏത് സ്ഥലത്ത് തിരച്ചിൽ നടത്തണമെന്ന ധാരണയുണ്ട്. അതിന് തടസംനിന്നാൽ വലിയ ബുദ്ധിമുട്ടാണ്. തത്കാലം വീട്ടിലേക്ക് പോകുന്നു. കൂടുതൽ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. അർജുൻ്റെ അമ്മ അടക്കമുള്ളവരോട് മാപ്പു പറയുന്നു – ഈശ്വർ മാൽപെ പറഞ്ഞു. എംഎൽഎ മാത്രമാണ് പിന്തുണ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ണിടിച്ചിലിൽ കാണാതായ ലോറിയുടെ ഭാഗങ്ങൾ ശനിയാഴ്ച ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ കണ്ടെത്തിയിരുന്നു. ഇവ പുറത്തെടുത്ത് പരിശോധിച്ചതിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ സഞ്ചരിച്ച ലോറിയുടെ ഭാഗങ്ങളല്ലെന്ന് ഉടമ മനാഫ് വ്യക്തമാക്കിയിരുന്നു. ഒമ്പതുമണിക്കൂർനീണ്ട തിരച്ചിലിനിടെ രണ്ടു ടയറുകളും ലോറിയുടെ ചില ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വീണ്ടും പുനരാരംഭിച്ചിരുന്നു.

മുങ്ങൽവിദഗ്ധനായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസവും തിരച്ചിൽ നടന്നത്. എട്ടുതവണയിലേറെ മുങ്ങിയ മാൽപെ ആദ്യം ടയറുകളും പിന്നീട് ലോറിയുടെ ഭാഗങ്ങളും കണ്ടെത്തി. ഇവ ഡ്രെഡ്ജറിലെ ക്രെയിനുപയോഗിച്ച് ഉയർത്തി പുറത്തെടുത്തു. സ്റ്റിയറിങ്ങും ക്ലച്ചും രണ്ടു ടയറിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. നാവികസേന നിർദേശിച്ച മൂന്നു പ്രധാന പോയിന്റുകളിലാണ് തിരച്ചിൽ നടത്തിയത്. കാർവാറിൽനിന്നെത്തിച്ച ഡ്രെഡ്ജർ ഉപയോഗിച്ചാണ് തിരച്ചിൽ. മാൽപെ മുങ്ങിനടത്തിയ തിരച്ചിലിന്റെ വീഡിയോകൾ അദ്ദേഹംതന്നെ ചിത്രീകരിക്കുകയും അത് അർജുന്റെ ബന്ധുക്കളെയും ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെയും കാണിക്കുകയുംചെയ്തു. അർജുന്റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും ലോറി ഉടമ മനാഫും സ്ഥലത്തുണ്ട്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *