തിരുവനന്തപുരം: അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ അധിഷ്ഠിതമായ യുണീക്ക് നമ്പര്‍ നല്‍കി വിവിധ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കും. രജിസ്ട്രേഷന്റെ ഉത്തരവാദിത്വം തൊഴില്‍ദാതാവിനായിരിക്കും. സ്ഥിരമായ തൊഴില്‍ദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും തൊഴില്‍ തേടുന്നവരുടെ രജിസ്ട്രേഷന്‍ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥന്‍ നിര്‍വഹിക്കണം. ജോലിയില്‍ നിന്നോ താമസസ്ഥലത്ത് നിന്നോ വിട്ട് പോകുമ്പോള്‍ തൊഴില്‍ദാതാവ് / താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥന്‍ തന്റെ രജിസ്ട്രേഷന്‍ അക്കൗണ്ടില്‍ നിന്ന് ഇവരെ ഒഴിവാക്കണം. പുതിയ സ്ഥലത്ത് ജോലിക്കോ താമസത്തിനോ ചെല്ലുമ്പോള്‍ തൊഴിലാളിയുടെ യൂണീക് നമ്പര്‍ ഉപയോഗിച്ച് പുതിയ ഉടമയുടെ കീഴില്‍ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും.

തൊഴില്‍ദാതാവ്, ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ ലേബര്‍ ഓഫീസില്‍ തങ്ങളുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ഐഡിയും പാസ്വേഡും വാങ്ങണം. ഇവ ഉപയോഗിച്ച് തങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന/താമസിപ്പിക്കുന്ന അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കണം.തൊഴില്‍, വ്യവസായ, തദ്ദേശ സ്വയംഭരണ, പോലീസ് വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകളും നടപടികളും സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കുന്നതിന് തൊഴില്‍ വകുപ്പിനെ ചുമതലപ്പെടുത്തും. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളില്‍ കോര്‍ഡിനേഷന്‍ സമിതികള്‍ രൂപീകരിക്കും. ഓരോ വകുപ്പിലും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും.

ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍, സ്ഥാപന ഉടമകള്‍, താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ആയ അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കുന്നതിന് ബോധവര്‍ക്കരണ പരിപാടികളും ക്ലാസുകളും നടത്തും. 1979 ല്‍ രൂപീകരിച്ച നിയമമാണ് നിലവിലുള്ളത്. പുതിയ തൊഴില്‍ സാഹചര്യത്തിന് അനുസരിച്ച് രജിസ്ട്രേഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആവശ്യമെങ്കില്‍ നിയമത്തില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തി ഭേദഗതി ചെയ്യും.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *