ആലപ്പുഴ: പ്രതിഷേധങ്ങൾക്കൊടുവിൽ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. ഓണത്തിന് ശേഷം ഈ മാസം 28 ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ കലക്ടർക്ക് നിവേദനം നൽകും. ഭൂരിപക്ഷ വള്ളംകളി ക്ലബ്ബുകളും 28 എന്ന തീയതി അംഗീകരിച്ചു. 24 -ാം തീയതിവരെ മറ്റു പ്രാദേശിക വള്ളംകളികളുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി ഇന്ന് എക്സിക്യൂട്ടീവ് യോഗം ചേരാനും സാധ്യതയുണ്ട്. അതേസമയം വള്ളംകളി നടത്തിപ്പിനായി പ്രതിപക്ഷവും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ബുധനാഴ്ച മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് കുട്ടനാട് താലൂക്ക് ആസ്ഥാനത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
ബോട്ട് ക്ലബുകൾ നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. വള്ളംകളിക്കായി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പേരിൽ സംഘാടകർക്കും ക്ലബുകൾക്കും വലിയ ബാധ്യത ആണുള്ളത്. 80 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവാക്കിയെന്നും കടം വാങ്ങിയും സ്വർണം പണയം വെച്ചുമാണ് ഈ തുക കണ്ടെത്തിയതെന്നും സംഘാടകർ പറഞ്ഞിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്.
There is no ads to display, Please add some