സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,തൃശൂർ,പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. തെക്കൻ കർണാടകം മുതൽ കൊമറിന് തീരം വരെയായി ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.
അതിശക്തമായ മഴ സാധ്യത:കോട്ടയത്ത് ഇന്നും നാളെയും ഓറഞ്ച് അലെർട്ട്
ഓഗസ്റ്റ് 19 മുതൽ 21 വരെ മഞ്ഞ അലെർട്ട്
പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ
കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നും നാളെയും (ശനി, ഞായർ-ഓഗസ്റ്റ് 17, 18) അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് 19, 20, 21 തീയതികളിൽ കോട്ടയം ജില്ലയിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി (Very Heavy Rainfall) കണക്കാക്കുന്നത്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.