നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എംപി സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് അറിയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഒളിവിലായിരുന്ന ശ്രീനിവാസനെ കാലടിയില്‍ നിന്നാണ് തൃശ്ശൂര്‍ ക്രൈം ബ്രാഞ്ചാണ് പിടികൂടിയത്.
ഗുരുതരമായ സാമ്പത്തിക ആരോപണവും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും പൊതുസമൂഹത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് സിഎസ് ശ്രീനിവാസനെതിരെ കെപിസിസി അച്ചടക്ക നടപടി സ്വീകരിച്ചതെന്നും ടി യു രാധാകൃഷ്ണന്‍ വ്യക്തമാക്കി.
തൃശ്ശൂര്‍ പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ച ഹീവാന്‍ നിധി ലിമിറ്റഡ്, ഹീവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ വഴി നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ശ്രീനിവാസനെതിരെ പൊലീസ് നടപടി. കേസില്‍ നേരത്തെ അറസ്റ്റിലായ പത്മശ്രീ സുന്ദര്‍ മേനോന്‍, ബിജു മണികണ്ഠന്‍ എന്നിവര്‍ റിമാര്‍ഡിലാണ്.
ഹീവാന്‍ നിധി ലിമിറ്റഡ്, ഹീവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചും കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരിച്ച് നല്‍കാതെയും വിശ്വാസ വഞ്ചന നടത്തിയതിനാണ് തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
There is no ads to display, Please add some