ആലപ്പുഴ: തകഴിയില്‍ കുഴിച്ചിട്ട നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കുഞ്ഞു ജനിച്ചപ്പോള്‍ കരഞ്ഞിരുന്നെന്ന് യുവതി തന്നോട് പറഞ്ഞിരുന്നതായി യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ മരണം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കുന്നതിനിടെയാണ് ഡോക്ടറുടെ മൊഴി.കേസില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറയില്‍ ഡോണ ജോജി (22), തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24) എന്നിവരെയും മറവു ചെയ്യാന്‍ സഹായിച്ച തകഴി ജോസഫ് ഭവനില്‍ അശോക് ജോസഫ് (30)നെയും ആലപ്പുഴ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഡോണയെ മജിസ്‌ട്രേട്ട് അവിടെയെത്തിയാണു റിമാന്‍ഡ് ചെയ്തത്.

ബുധനാഴ്ച പുലര്‍ച്ചെ 1.30നാണ് പൂച്ചാക്കലിലെ വീട്ടില്‍ മുറിയില്‍വെച്ച് യുവതി പ്രസവിച്ചത്. വെള്ളിയാഴ്ച കാമുകന്‍ കുഞ്ഞിനെ കൊണ്ടുപോയി കുഴിച്ചിട്ടെന്നാണ് വിവരം. കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിരുന്നോ എന്നതടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്. വണ്ടേപ്പുറം പാടശേഖരത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്ത്.

ഓഗസ്റ്റ് പത്താം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുവതി പ്രസവിച്ചതായി മനസ്സിലാക്കിയ ഡോക്ടര്‍ കുട്ടിയെവിടെയെന്ന് ചോദിച്ചു. കുട്ടിയെ കാമുകന് കൈമാറിയെന്നും അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നും യുവതി പറഞ്ഞു. വിവരം ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കാമുകനെപ്പറ്റി പറഞ്ഞത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുഴിച്ചിട്ടതായി അറിയിച്ചത്.

ജനിച്ചു മണിക്കൂറുകള്‍ കഴിഞ്ഞാണ് കുഞ്ഞിനെ ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. അതുവരെ കുഞ്ഞിനെ സണ്‍ഷൈഡില്‍ സ്റ്റെയര്‍ കേസിന് അടുത്ത് ഒളിപ്പിച്ചു വയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. പോളിത്തീന്‍ കവറിലാക്കിയാണു കൊടുത്തുവിട്ടത്. അപ്പോള്‍ ജീവനുണ്ടായിരുന്നെന്നു ഡോണയും മൃതദേഹമായിരുന്നെന്നു തോമസും മൊഴി നല്‍കി. പ്രതികളെ ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്താലേ ചിത്രം വ്യക്തമാകൂ എന്നും അന്വേഷണസംഘം പറയുന്നു. ചികിത്സയിലുള്ള യുവതി വൈകാതെ ആശുപത്രി വിടും. അതിനു ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ച ഡോണ കൊച്ചിയില്‍ ജോലി ചെയ്യുകയായിരുന്നു. രാജസ്ഥാനിലെ ജയ്പുരില്‍ പഠനകാലത്താണ് അവിടെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനു പഠിച്ചിരുന്ന തോമസ് ജോസഫുമായി പ്രണയത്തിലാകുന്നത്.കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ വിശദ പരിശോധനയ്ക്കു തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയോടെ കുഞ്ഞിനെ മറവു ചെയ്‌തെന്നാണു പ്രാഥമിക നിഗമനം. ഞായറാഴ്ച വൈകിട്ടോടെയാണ് ഈ സ്ഥലം കണ്ടെത്തി ജഡം പുറത്തെടുത്തത്. അപ്പോഴേക്കും അവയവങ്ങള്‍ പലതും ജീര്‍ണിച്ചിരുന്നു. ടാഗ് ചെയ്യാതെ പൊക്കിള്‍ക്കൊടി മുറിച്ചിരിക്കാമെന്നാണു പൊലീസ് കരുതുന്നത്. ഏറെ രക്തം നഷ്ടപ്പെട്ടിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ പ്രസവിച്ചെങ്കിലും രഹസ്യമാക്കി വയ്ക്കുന്നതിനായി കുഞ്ഞിനെ വീട്ടില്‍ തന്നെ പലയിടത്തും പൊതിഞ്ഞുവച്ചിരുന്നെന്നാണു ഡോണയുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *