കൊച്ചി: സംസ്ഥാനത്തെ പത്താം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. അധ്യാപക സംഘടനകളും വിദ്യാർഥികളുമടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണു ജസ്റ്റിസ് എ.സിയാദ് റഹ്മാന്റെ ഉത്തരവ്.

നിലവിൽ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാണ്. എന്നാൽ ഇനി മുതൽ അത് പാടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രവൃത്തിദിവസങ്ങളുടെ കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകൾ അടക്കമുള്ളവരുമായി ആലോചിച്ച് സർ‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.

ആറു ദിവസ ക്ലാസിലേക്ക് കുട്ടികളെ ഉന്തിത്തള്ളി വിടുന്നതിനു മുമ്പ് അവരുടെ മാനസികാരോഗ്യവും പരിശോധിക്കണം എന്നാണ് കോടതി നിർദേശിച്ചത്. സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിഗത ബന്ധങ്ങളുമൊക്കെ ഊട്ടിയുറപ്പിക്കുന്ന രീതിയിൽ കലാ, കായിക ഇനങ്ങൾ ഉൾപ്പെടെയുള്ളവയിൽ വിദ്യാർഥികള്‍ ഭാഗമാക്കണം. എൻസിസി, എൻഎസ്എസ് പോലുള്ളവയും അക്കാര്യത്തില്‍ പ്രധാനമാണ്. പരമ്പരാഗതമായുള്ള ആഴ്ചയിലെ 5 ദിവസ ക്ലാസുകൾക്ക് പകരം 4 ദിവസം മാത്രം ക്ലാസുകൾ ഉള്ളയിടങ്ങളിൽ കുട്ടികളുടെ മികവ് വർധിക്കുന്നുവെന്ന് യു.എസിലെ ചില സ്കൂളുകളിലെ പഠനങ്ങൾ വാദത്തിനിടെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അക്കാര്യങ്ങൾ പരിഗണിക്കപ്പെടേണ്ടവയാണെന്നും കോടതി പറഞ്ഞു.

43 ശനിയാഴ്ചകൾ ഉള്ളതിൽ 10 രണ്ടാം ശനിയാഴ്ചകൾ ഒഴിവാക്കിയാൽ ബാക്കിയുള്ള 33 ശനിയാഴ്ചകളിൽ 25 എണ്ണമാണ് പ്രവൃത്തിദിവസങ്ങളാക്കിയിരിക്കുന്നത്. എന്നാൽ ഇത് അധ്യാപകരോടോ അവരുടെ സംഘടനകളോടോ വിദ്യാഭ്യാസ സ്ഥാപനങ്ങളോടോ വിദ്യാർഥികളോടെ ചർച്ച നടത്താതെയാണ് നടപ്പാക്കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധരായവരുടെ അഭിപ്രായം ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതായിരുന്നു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത് അധ്യാപകരെ ബാധിക്കുന്ന കാര്യമല്ലെന്ന വാദം അംഗീകരിക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയ നടപടിക്കെതിരെ അധ്യാപക സംഘടനകൾ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകൾക്കു പുറമെ സിപിഐയുടെ അധ്യാപക സംഘടനയും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *