കുമളി: ശാന്തൻപാറയ്ക്ക് സമീപം പോത്തൊട്ടിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കുമളി- മൂന്നാർ സംസ്ഥാന പാതയിൽ യാത്രാനിയന്ത്രണം. ശാന്തൻപാറയ്ക്ക് അടുത്ത് ചേരിയാർ മുതൽ ഉടുമ്പൻചോല വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധിച്ചു.വൈകുന്നേരം ഏഴുമണി മുതല്‍ രാവിലെ ആറുവരെയാണ് രാത്രി യാത്ര നിരോധിച്ചത്.
ഈ പ്രദേശത്ത് നിരവധി സ്ഥലങ്ങളില്‍ ഇന്നലെ മണ്ണിടിച്ചില്‍ ഉണ്ടായി വാഹനഗതാഗതം തടസപ്പെട്ടിരുന്നു.പുലര്‍ച്ചെയോടെ വാഹനഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. എന്നാല്‍, വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ജില്ലാ ഭരണകൂടം ഈ വഴിയുള്ള രാത്രി യാത്ര നിരോധിച്ചത്.ഇത് സംബന്ധിച്ച് ഉത്തരവ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പുറത്തിറക്കി. നിരോധന കാലയളവില്‍ യാത്രക്കാര്‍ക്ക് ഇതിന് സമാന്തരമായ മറ്റ് പാതകള്‍ ഉപയോഗിക്കാം.
പോത്തൊട്ടി ഭാഗത്ത് നാലിടത്താണ് ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായത്. നിരവധി വീടുകളാണ് പ്രദേശത്ത് ഒറ്റപ്പെട്ടത്. ഇന്ന് ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതുകൊണ്ട് സുരക്ഷ കണക്കിലെടുത്ത് ആ പ്രദേശത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റാൻ ശാന്തൻപാറ പഞ്ചായത്തിന് ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
There is no ads to display, Please add some