കൊച്ചി: മഞ്ഞപ്പടയെ ഇരട്ടി ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് തിരിച്ചെത്തുന്നു. ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒഡിഷ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

238 ദിവസത്തെ ഇടവേളയ്ക്കു ശേഷം ആശാൻ തിരിച്ചെത്തുന്നത് ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ആശാന്റെ മടങ്ങി വരവിനായി ഗാലറിയിൽ വമ്പൻ ടിഫൊ, മൊസെയ്ക്ക് തുടങ്ങിയ സംഭവങ്ങളാണ് മഞ്ഞപ്പട ആരാധകർ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഏതായാലും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പോരാട്ടങ്ങളിൽ മഞ്ഞപ്പടയുടെ ഗാലറിയിലെ പ്രകടനം മനസിലാക്കിയ എതിരാളികൾ ഇവാൻ വുകോമനോവിച്ചിനായി ഒരുക്കിയിരിക്കുന്ന സർപ്രൈസ് കണ്ട് ഞെട്ടുമെന്ന കാര്യം ഉറപ്പാണ്. കാരണം അത്രയ്ക്ക് ഗംഭീര സ്വീകരണമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുക്കുക.
മഞ്ഞപ്പടയ്ക്ക് താരങ്ങളേക്കാൾ വിശ്വസ്തനായ ഇവാൻ തിരിച്ചെത്തുമ്പോൾ ടീമിലും തന്ത്രങ്ങളിലും മാറ്റം ഉറപ്പ്. സ്വന്തം തട്ടകത്തിലാണെങ്കിലും എ എഫ് സി കപ്പിൽ മാലദ്വീപ് ക്ലബിനെ ഗോളിൽ മുക്കിയെത്തുന്ന ഒഡിഷ എഫ് സിയെ മറികടക്കുക എളുപ്പമാവില്ല.
എങ്കിലും ഇവാൻ വുകോമനോവിച്ചിനായി ജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ പറഞ്ഞു. ബെംഗലുരുവിനെതിരായ മത്സരത്തിലെ വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്നും ലൂണ പ്രതികരിച്ചു.