ചെന്നൈ: ഏകദിന ലോകകപ്പില്‍ ഞായറാഴ്ച ആസ്ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഡെങ്കിപ്പനി ബാധിച്ച ഓപ്പണർ ശുഭ്മാൻ ഗിൽ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
താരത്തിന് ഡങ്കിപ്പനി ബാധിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഞായറാഴ്ച്ചയാണ് ഇന്ത്യ – ഓസ്ട്രേലിയ മത്സരം. അപ്പോഴേക്കും താരത്തിന് പൂര്‍ണ കായികക്ഷമത തിരിച്ചെടുക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന താരത്തിന്റെ നില തൃപ്തികരമാണെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി.
ഓപണറുടെ റോളിൽ മിന്നിത്തിളങ്ങുന്ന താരത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 2023ൽ ഏകദിനത്തിൽ ഇന്ത്യയുടെ ടോപ് സ്കോററാണ് ഗിൽ. 72.35 ശരാശരിയും 105 സ്ട്രൈക്ക് റേറ്റുമടക്കം 1230 റൺസാണ് താരം ഈ വർഷം അടിച്ചുകൂട്ടിയത്. ഇതിൽ അഞ്ച് സെഞ്ച്വറിയും അത്രയും അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.
ഗില്ലിന് പകരം ഇഷാന് കിഷന് ഓപണറായി എത്താനാണ് സാധ്യത. നേരത്തെ ഓപണറായി കളിച്ചിരുന്ന കെ.എല്‍ രാഹുലും ടീമിലുണ്ടെങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുത്തതിനാൽ ആ റോളിൽ തുടരാനാണ് സാധ്യത.