തൃശൂർ: പ്രശസ്ത നാടൻപാട്ട് കലാകാരൻ അറമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസ്സായിരുന്നു. 350 ഓളം നാടൻ പാട്ടുകൾ രചിച്ചിട്ടുണ്ട്. കലാഭവൻ മണിയുടെ ശബ്ദത്തിൽ പുറത്തുവന്ന ജനപ്രിയ നാടൻ പാട്ടുകളുടെ രചയിതാവാണ് അറമുഖൻ വെങ്കിടങ്ങ്. ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ, വരിക്കച്ചക്കേടെ ചുള കണക്കിന്, പകല് മുഴുവൻ പണിയെടുത്ത് തുടങ്ങിയ പാട്ടുകൾ അറമുഖൻ വെങ്കിടങ്ങിന്റെ സൃഷ്ടികളാണ്.
1998ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തില്‍’, മീശമാധവനിലെ ‘ഈ എലവത്തൂര്‍ കായലിന്റെ’, ഉടയോന്‍ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ എന്നിവയുടെ വരികള്‍ എഴുതിയത് അറുമുഖനാണ്.കൂടാതെ ഒട്ടേറെ ആല്‍ബങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും വരികള്‍ രചിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ വെങ്കിടങ്ങിൽ നടുവത്ത് ശങ്കരൻ – കാളി ദമ്പതികളുടെ മകനായി ജനിച്ച അറുമുഖൻ, വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകളിലും ഗാനങ്ങൾ രചിച്ചായിരുന്നു തുടക്കം. ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. സംസ്കാരം ഇന്ന് മൂന്നു മണിക്ക് മുല്ലശേരി പഞ്ചായത്തിലെ പൊതുശ്മശാനത്തിൽ.
There is no ads to display, Please add some