രാവിലെ എഴുന്നേൽക്കുമ്പോൾ ഉറക്കക്ഷീണമകറ്റാൻ ഒരു കപ്പ് കാപ്പി നിർബന്ധമുള്ളവരാണ് നമ്മിലധികവും. എന്നാൽ ചർമ്മം സുന്ദരമാക്കാനും കാപ്പി നമുക്ക് ഉപയോഗിക്കാം. വീട്ടിൽ ചെയ്യാവുന്ന കാപ്പിപ്പൊടി കൊണ്ടുള്ള ചില ബ്യൂട്ടി ടിപ്സ് ഇതാ..
കൈകൾ മനോഹരമാക്കാം
അൽപം കാപ്പിപ്പൊടിയെടുത്ത് അതിൽ ഒലിവോയിലോ വെളിച്ചെണ്ണയോ ചേർത്ത് ഇരു കൈകളിലും പുരട്ടി രണ്ടു മിനുട്ട് മസാജ് ചെയ്യാം. കൈകളിലെ ചർമ്മത്തിനു മേല് മികച്ച സ്ക്രബായി പ്രവർത്തിക്കും. മൃതകോശങ്ങൾ നീക്കം ചെയ്യാനും ആരോഗ്യമുള്ള ചർമ്മം വീണ്ടെടുക്കുവാനും ഇത് ഉപകാരപ്രദമാണ്. മസാജ് ചെയ്ത ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് കൈകൾ കഴുകണം. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇത് ചെയ്താൽ കൈകൾ മനോഹരമാകും.
ബോഡി സ്ക്രബ് വീട്ടിൽ തന്നെ
മുഖത്തിനും കൈകൾക്കും മാത്രമല്ല, ശരീരകാന്തി നിലനിർത്താനുമുണ്ട് ചില എളുപ്പ വിദ്യകൾ. രണ്ടു ടേബിൾസ്പൂൺ കാപ്പിപ്പൊടി എടുത്ത് അതിൽ ഒരു ടേബിൾസ്പൂൺ പഞ്ചസാരയും നാലു ടേബിൾസ്പൂൺ ഒലിവ് ഓയിൽകൂടി ചേർത്താൽ മികച്ച ഒരു ബോഡി സ്ക്രബ് റെഡി. കുളിക്കുന്നതിനു മുമ്പായി ഇതുപയോഗിച്ച് ചർമ്മം മസാജ് ചെയ്യാം. ചർമ്മകോശങ്ങളിലെ അഴുക്കുകളകറ്റി ശരീരചർമ്മം മൃദുലവും സുന്ദരവുമാക്കാന് ഇതു സഹായിക്കും.