കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭാ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. വൈറ്റില സോണൽ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയർ ക്ലർക്ക് സുബിനാണ് അറസ്റ്റിലായത്. രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് പിടികൂടിയത്.
കടവന്ത്രയിൽ മിമിക്രി അസോസിയേഷൻ എറണാകുളം ജില്ലാവിഭാഗത്തിനായി ഒരു ഓഫീസ് തുടങ്ങിയിരുന്നു. അതിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കുന്നിനായി അപേക്ഷ സമർപ്പിക്കുമ്പോൾ 900 രൂപ ഇയാൾ കൈക്കൂലിയായി കൈപ്പറ്റിയിരുന്നു. പിന്നീട് തുടർനടപടികൾക്കായി രണ്ടായിരം രൂപ ആവശ്യപ്പെട്ടു. അസോസിയേഷൻ ആ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പണം കൈപ്പറ്റുന്നതിനിടെ ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. വാങ്ങിയ പണം ഇയാൾ ചെരിപ്പിന്റ അടിയിൽ ഒളിപ്പിച്ചിരുന്നതിനാൽ ഏറെ നേരത്തെ പരിശോധനക്ക് ശേഷമാണ് ഇയാളിൽ നിന്ന് പണം കണ്ടെത്തിയത്.