കോഴിക്കോട് : കേരളത്തിൽ 4 പേർക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ച രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാംപിൾ പരിശോധനാഫലം കിട്ടിയതിനു പിന്നാലെയാണു കൂടുതൽ വിവരങ്ങൾ മന്ത്രി പങ്കുവെച്ചത്.
ആദ്യം മരിച്ച വ്യക്തിയുടെ ഒമ്പത് വയസുള്ള മൂത്ത മകനും 24 വയസുള്ള ഭാര്യസഹോദരനുമാണ് രോഗം സ്ഥിരീകരിച്ചത്. നാലു വയസ്സുള്ള മകൾ നെഗറ്റീവാണ്. ഭാര്യാ സഹോദരന്റെ പത്തു മാസം പ്രായമുള്ള കുഞ്ഞും നെഗറ്റീവാണ്.
സമ്പർക്കപ്പട്ടികയിൽപ്പെട്ട 168 പേരെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ആദ്യ രോഗിയുമായി സമ്പർക്കപ്പട്ടികയിലുള്ളത് 158 പേരാണ്. ഇതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. ബാക്കിയുള്ളവർ രോഗിയുമായി അടുത്ത് ഇടപഴകിയവരും.
മരിച്ച രണ്ടാമത്തെ ആളുടെ സമ്പർക്കപ്പട്ടികയിലാണ് ബാക്കിയുള്ള പത്ത് പേർ. ഇദ്ദേഹവുമായി സമ്പർക്കത്തിലുള്ള നൂറിലധികം പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃഗസംരക്ഷണവകുപ്പിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ മേഖലയിൽ വവ്വാലുകളുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട സർവേ നടത്തുമെന്നും മന്ത്രി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. രോഗലക്ഷണമുള്ളവർ ഹെൽപ് ലൈനുമായി ബന്ധപ്പെടണം. കോഴിക്കോട് ജില്ലയിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0495 2383100, 0495 2383101, 0495 2384100, 0495 2384101 എന്നീ നമ്പറുകളിൽ വിളിക്കാം.