തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി ഇടുക്കി വീണ്ടും മാറി. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗമായ 12718.5095 ഹെക്ടർ സ്ഥലം ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെയാണ് സംസ്ഥാനത്തെ വലുപ്പം കൂടിയ ജില്ല എന്ന പദവി ഇടുക്കിക്ക് തിരികെ ലഭിച്ചത്.

ഭരണ സൗകര്യം കണക്കിലെടുത്താണ് കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗമായ ഭൂമി ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. കൂട്ടിച്ചേര്‍ക്കലോടെ ഇടുക്കിയുടെ ആകെ വിസ്തീർണം 4358ൽ നിന്നും 4612 ചതുരശ്ര കിലോമീറ്ററായി വര്‍ധിച്ചു. ഇതുവരെ ഒന്നാമതായിരുന്ന പാലക്കാടിന്‍റെ വിസ്തൃതി 4482 ചതുരശ്ര കിലോമീറ്ററാണ്.

ഇടുക്കിക്ക് ഭൂമി വിട്ടുനല്‍കിയതോടെ എറണാകുളം ജില്ല വിസ്തീർണത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുനിന്നും അഞ്ചാംസ്ഥാനത്തേക്ക് താണു. 3068 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന എറണാകുളത്തിന്റെ പുതിയ വിസ്തീർണം 2924 ചതുരശ്ര കിലോ മീറ്ററാണ്. വലിപ്പത്തില്‍ മൂന്നാമത് മലപ്പുറവും (3550), നാലാമത് തൃശൂരുമാണ്. അഞ്ചാമതായിരുന്ന തൃശൂർ (3032 ചതുരശ്ര കിലോ മീറ്റർ) നാലാം സ്ഥാനത്തേക്ക് ഉയർന്നു.

വലിപ്പം കൂടിയതോടെ പിഎസ്​സി അടക്കമുള്ള മല്‍സര പരീക്ഷകളില്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതെന്ന ചോദ്യത്തിന് ഇടുക്കി എന്ന് തന്നെ ഉത്തരമെഴുതണം. ഒരു പഞ്ചായത്തിന് ഒരു വില്ലേജ് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റമെന്നാണ് അധികൃതര്‍ പറയുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *