കോട്ടയം: പുതുപ്പള്ളിയിൽ പുലർച്ചെ മുതൽ മികച്ച പോളിങ്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾതന്നെ ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ആദ്യ 3 മണിക്കൂർ പിന്നിടുമ്പോൾ 20.34 ശതമാനം പോളിങ് രേഖപ്പെടുത്തി. മഴ മാറി നിൽക്കുന്നതിനാൽ രാവിലെ തന്നെ പോളിങ് ശക്തമാകുമെന്നാണ് പ്രതീക്ഷ.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. നീണ്ട ക്യൂവിൽ ദീർഘനേരം കാത്തുനിന്നശേഷമാണ് ജെയ്ക്ക് വോട്ടു രേഖപ്പെടുത്തിയത്.
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
മന്ത്രി വി.എൻ.വാസവൻ പാമ്പാടി എംജിഎം ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല.