പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവത്തിനൊരുങ്ങി ആറന്മുള. ജലമേള ഇന്ന് പമ്പയാറിന്റെ നെട്ടായത്തിൽ നടക്കും. ഉച്ചയ്ക്ക് 12.45ന് ജലഘോഷയാത്രയോടെ ജലോത്സവത്തിന് തുടക്കമാകും.
ജലഘോഷയാത്ര മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. ജലോത്സവത്തിന്റ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് രണ്ടിന് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. മത്സര വള്ളംകളി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് ആറന്മുള ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന ദീപം കൊളുത്തി കലക്ടർ ദിവ്യാ എസ് അയ്യർ പതാക ഉയർത്തുന്നതോടെ ജലോത്സവ പരിപാടികൾ ആരംഭിക്കും.
51 കരകളിലെ പള്ളിയോടങ്ങളാണ് ആറന്മുള ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നത്. മത്സര വള്ളംകളിയിൽ എ, ബി ബാച്ചുകളിലായി 48 പള്ളിയോടങ്ങൾ പങ്കെടുക്കും. 2017 ന് ശേഷം പൂർണ്ണമായ തോതില്‍ വള്ളം കളി നടക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത.