മലപ്പുറം : മക്കൾക്കും പേരമക്കൾക്കും ഒപ്പം 116-ാം പിറന്നാള്‍ ആഘോഷിച്ച് മറിയാമ്മച്ചി.മലപ്പുറം മേലാറ്റൂരിലെ മറിയാമ്മയുടെ പിറന്നാളാണിപ്പോള്‍ നാട്ടില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പേരമക്കളും അവരുടെ കൊച്ചുമക്കളുമായി അഞ്ച് തലമുറ ഒരുമിച്ചാണ് ഓണാവധിക്ക് മലപ്പുറം മേലാറ്റൂരിലെ പാപ്പാലില്‍ തറവാട്ടില്‍ മറിയാമ്മച്ചിയുടെ പിറന്നാളാഘോഷം ഒരുത്സവമാക്കി മാറ്റിയത്.

പുളിയക്കോട് പരേതനായ പാപ്പാലില്‍ ഉതുപ്പിന്റെ ഭാര്യ മറിയാമ്മ എറണാകുളം കടമറ്റം ഇടവക അംഗമായിരുന്നു. മൂവാറ്റുപുഴ റാക്കാട് പള്ളിയിലെ മാമോദീസ രജിസ്റ്റര്‍ പ്രകാരം 1908 ആഗസ്റ്റ് 31 ആണ് ജന്മദിനം. 1932ലാണ് വിവാഹം. 1946 ആഗസ്റ്റില്‍ ഭര്‍ത്താവ് ഉതുപ്പിനോടൊപ്പം പുളിയക്കോട്ടേക്ക് കുടിയേറുമ്പോള്‍ പ്രായം 38.

കാടിനോടും കാട്ടുമൃഗങ്ങളോടും എതിരിട്ട് വര്‍ഷങ്ങളോളം കാര്‍ഷിക ജീവിതം നയിച്ചു. ഇതിനിടെ ആറ് ആണും എട്ട് പെണ്ണുമായി 14 മക്കളും പിറന്നു. ഇവരില്‍ 87 തികഞ്ഞ മൂത്തമകള്‍ സാറാമ്മ അടക്കം അഞ്ചു പേര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു. മക്കളും പേരമക്കളും അവരുടെ മക്കളുമായി 127 പേരുടെ അമ്മച്ചിയാണ് മറിയാമ്മ. 1975ലാണ് ഭര്‍ത്താവ് ഉതുപ്പ് മരിച്ചത്. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, കാഴ്ചക്കുറവ്, ഓര്‍മക്കുറവ് എന്നീ വാര്‍ധക്യസഹജ, ജീവിതശൈലീ രോഗങ്ങളൊന്നും മറിയാമ്മക്കില്ല. അല്‍പ്പം കേള്‍വിക്കുറവുണ്ട്. ആഹാര കാര്യത്തില്‍ ചെറുപ്പം മുതലേ പുലര്‍ത്തിയ കടുത്ത നിഷ്ഠകളാണ് ഇവര്‍ക്ക് തുണയായത്. സ്വാതന്ത്ര്യസമര കാലത്ത് ജാഥ നയിച്ച ഭര്‍ത്താവിന്റെ കഥകളും പഴയകാല കൃഷിപ്പാട്ടുകളും പഴഞ്ചൊല്ലുകളും താരാട്ടു പാട്ടുകളും ഓര്‍മയില്‍ നിന്നെടുത്ത് പേരമക്കള്‍ക്ക് പാടിയും പറഞ്ഞും കൊടുക്കും ഇവര്‍. ജാതിമത ഭേദമന്യേ സര്‍വരെയും സ്നേഹിച്ചതിന് ദൈവം നല്‍കുന്ന സമ്മാനമാണ് ഈ ആയുസ്സെന്ന് മറിയാമ്മ വിശ്വസിക്കുന്നു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed