വർക്കല : ഇന്ന് ശ്രീനാരായണഗുരു ജയന്തി. വിശ്വമാനവികതയുടെ വക്താവായിരുന്നു ശ്രീനാരായണഗുരു. വിദ്യ കൊണ്ട് പ്രബുദ്ധരാകാന്‍ മലയാളിയെ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണഗുരു കേരളത്തിന്റെ വിജ്ഞാന മണ്ഡലത്തിന്റെ നവോത്ഥാന സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതിലും പ്രധാനപങ്കു വഹിച്ചു.

‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ തുടങ്ങിയ വിശ്വമാനവികതയിൽ അധിഷ്ഠിതമായ ദർശനങ്ങളെ മലയാളക്കരയിലെ സാധാരണ മനുഷ്യന്റെ മനസ്സിലേക്ക് പറിച്ചുനട്ട സാമൂഹികവിപ്ലവകാരിയായിരുന്നു ശ്രീനാരായണഗുരു. ജാതീയമായ വിവേചനങ്ങൾക്കെതിരെയും സാമൂഹിക അനാചാരങ്ങൾക്കെതിരെയും നിരന്തരപോരാട്ടത്തിൽ ഏർപ്പെട്ട ഗുരുവിന്റെ ദർശനങ്ങൾക്ക് പുതിയകാലഘട്ടത്തിൽ പ്രസക്തി വർധിച്ചുവരികയാണ്.

തിരുവനന്തപുരത്തെ ചെമ്പഴന്തിയിൽ ചതയദിനത്തിൽ ജനിച്ച നാരായണഗുരുവിന്റെ പ്രവർത്തനങ്ങൾ മതമടക്കം സമൂഹത്തിന്റെ സർവമേഖലകളിലേക്കും വ്യാപിച്ചുകിടക്കുന്നതായിരുന്നു. മനുഷ്യന്റെ സമഗ്രമായ വികസനമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആധ്യാത്മികവും ഭൗതികവും രണ്ടല്ല എന്നും അവ ഒന്നിന്റെ തന്നെ രണ്ടു വശമാണെന്നും ഗുരു പറഞ്ഞു.

വിദ്യാഭ്യാസം കൊണ്ട് സ്വതന്ത്രരാകാൻ, സംഘടന കൊണ്ട് ശക്തരാകാൻ ഗുരു ഉപദേശിച്ചു.ജാതിസംബന്ധമായ ആചാരങ്ങൾ നിരർത്ഥകമാണെന്നും ജന്തുബലി പോലുള്ള പ്രാകൃതമായ ആരാധനാസമ്പ്രദായങ്ങൾ ഉപേക്ഷിക്കണമെന്നും ഗുരു ഉദ്ബോധിപ്പിച്ചു. അജ്ഞതയിൽ ആണ്ടുകിടന്നിരുന്ന ഒരു ജനതയിൽ ആത്മബോധത്തിന്റെ തിരികൊളുത്തലായിരുന്നു 1888-ലെ അരുവിപ്പുറം പ്രതിഷ്ഠ.

ജാതിഭേദവും മതദ്വേഷവും തീണ്ടാത്ത മാതൃകാസ്ഥാപനങ്ങൾ നിർമ്മിക്കാൻ ഗുരു മുൻകൈയെടുത്തു. മാനവരാശിയുടെ മുഴുവൻ പൂർണത മുന്നിൽ കണ്ടുകൊണ്ടായിരുന്നു ഗുരു തന്റെ പ്രവർത്തനങ്ങളെല്ലാം തന്നെ ആസൂത്രണം ചെയ്തത്.സമൂഹത്തെ ബാധിച്ചിരുന്ന ജീർണിപ്പിന്റെ നേരെ വിരൽചൂണ്ടി, ഇരുട്ടിൽ തപ്പിത്തടയുകയായിരുന്ന ഒരു ജനതയെ പ്രകാശത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തിയിടത്താണ് ശ്രീനാരായണഗുരുവും അദ്ദേഹത്തിന്റെ ദർശനങ്ങളും പ്രസക്തമാകുന്നത്.

‘അവനവനാത്മസുഖത്തിന്നായാചരിപ്പതു അപരനുമാത്മാസുഖത്തിന്നായിവരേണം’- എന്നെഴുതാൻ മാനവഹൃദയം തൊട്ടറിഞ്ഞ ഒരാൾക്കല്ലാതെ മറ്റാർക്കാകും?


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *