കോട്ടയം: ഉമ്മൻ ചാണ്ടി മരിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടുന്നതു നിർത്തുന്നില്ലെന്നും ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടണമെന്നും മകൾ അച്ചു ഉമ്മൻ. ‘‘കേസ് കൊടുത്തത് ഒരു ആശയത്തിന് എതിരായിട്ടാണ്. എല്ലാ അമ്പുകളും ഉമ്മൻ ചാണ്ടിക്കു നേരെയാണ്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ സൽപ്പേരിനെ കളങ്കപ്പെടുത്തരുതെന്നുള്ളത് എന്റെ നിർബന്ധമാണ്. സുതാര്യതയോടെ ജീവിച്ചയാളാണ് ഉമ്മൻ ചാണ്ടി. എന്റെ പേരിൽ അദ്ദേഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ശരിയല്ല’’. അദ്ദേഹത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും അച്ചു ഉമ്മൻ പറഞ്ഞു.
‘‘വർഷങ്ങളായി ദുബായിൽ ബിസിനസ് ചെയ്യുന്നവരാണ് എന്റെ ഭർത്താവിന്റെ കുടുംബം. സൈബർ ആക്രമണം വന്നപ്പോൾ എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് മനപ്രയാസമുണ്ടായി. ഒരു വിശ്വാസ്യതയുമില്ലാത്ത വ്യക്തി സമൂഹത്തിന്റെ മുന്നിൽ വന്ന് ഉമ്മൻ ചാണ്ടിയെന്ന സുതാര്യനായ നേതാവിനെപ്പറ്റി പറഞ്ഞ വാക്കുകൾകൊണ്ട് അദ്ദേഹം ഒരുപാട് വേട്ടയാടപ്പെട്ടു.
ഒരു ചെറുപുഞ്ചിരിയോടെ മാത്രമാണു അദ്ദേഹം നിങ്ങളുടെ മുൻപിൽ വന്നിട്ടുള്ളത്. എങ്കിലും സ്വകാര്യമായി അദ്ദേഹം ഒരുപാടു നൊന്തിരുന്നു. അദ്ദേഹം മരിച്ചിട്ടും ഇതു നിർത്തുന്നില്ല. ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെവിടണം. സൈബർ ആക്രമണത്തിൽ ഞാനോ എന്റെ മരിച്ചുപോയ പിതാവോ മാപ്പുനൽകുമായിരിക്കും, പക്ഷേ പുതുപ്പള്ളി മാപ്പുനൽകില്ല.’’– അച്ചു ഉമ്മൻ പറഞ്ഞു.
There is no ads to display, Please add some