തിരുവനന്തപുരം: ഹെൽമറ്റില്ലാതെ ബൈക്കോടിച്ച ഡിവൈഎഫ്ഐ നേതാവിനു പിഴ ചുമത്തിയ പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. രണ്ട് എസ് ഐ ഉൾപ്പെടെ മൂന്ന് പേരെയും പേട്ട സ്റ്റേഷനിൽ തന്നെ നിയമിച്ചു.സിറ്റിപോലീസ് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പേട്ട സ്റ്റേഷനിലെ എസ്ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവർ എം.മിഥുൻ എന്നിവരെയാണ് തിരികെ നിയമിച്ചത്. എസ്ഐമാരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആർ ക്യാംപിലേക്കുമാണ് മാറ്റിയിരുന്നത്. അന്വേഷണ റിപ്പോർട്ട് പൊലീസുകാർക്ക് അനുകൂലമായതിനെ തുടർന്നാണ് പേട്ട സ്റ്റേഷനിൽ തുടരാൻ അനുമതി നൽകിയത്.
സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎയുടെ സമ്മർദത്തിനു വഴങ്ങിയുള്ള സർക്കാർ നടപടിയിൽ പൊലീസിനുള്ളിൽ അമർഷം ശക്തമായിരുന്നു. ഉദ്യോഗസ്ഥരുടെ വാദം കേൾക്കാതെ സിപിഎം നേതാക്കളുടെ നിർദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്നാണ് പൊലീസിനുള്ളിലെ ആക്ഷേപം.
ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന് പിഴ അടക്കാൻ നോട്ടീസ് നൽകിയിതിനായിരുന്നു പാർട്ടിക്കാർ ചൊവ്വാഴ്ച രാത്രി പേട്ട സ്റ്റേഷനിലേക്ക് ഇരച്ചു കയറിയത്.തന്നെ തെറി വിളിച്ചെന്ന് ആരോപിച്ച് വൈകിട്ട് ആറു മണിയോടെ സിപിഎം നേതാക്കളുമായി നിഥിൻ സ്റ്റേഷനിലെത്തി. എസ്ഐമാർ വന്ന ജീപ്പ് സിപിഎം നേതാക്കൾ തടഞ്ഞു.
നടുറോഡിൽ പൊലിസും- പ്രവർത്തരുമായി കൈയാങ്കളിയും അസഭ്യവർഷവുംവരെയുണ്ടായി.സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയെത്തി പോർ വിളി നടത്തി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നേതാക്കളെ അനുനയിപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്. ഒടുവിൽ എസ്ഐമാരെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റി അന്വേഷണം നടത്താമെന്ന് ഡിസിപി ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന്, സിറ്റി പൊലീസ് കമ്മിഷണർ നർകോട്ടിക് അസി.കമ്മിഷണറെ അന്വേഷണത്തിനു ചുമതലപ്പെടുത്തുകയായിരുന്നു.