കൊച്ചി: അകാലത്തിൽ വിടപറഞ്ഞുപോയ നടിയും അവതാരകയുമായ സുബി സുരേഷിന്റെ ജന്മവാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കിട്ട് കുടുംബം. സുബിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സുബിയുടെ സുഹൃത്തുക്കളും പങ്കെടുത്തു. സുബി ഇല്ലെങ്കിലും ഇവിടെ എവിടെയോ ഉണ്ടെന്ന തോന്നലിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് കുടുംബം പറയുന്നു.
എപ്പോഴും തങ്ങള്‍ സന്തോഷത്തോടെ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് സുബിയെന്നും കുടുംബം ഓർമിക്കുന്നു. സുബിയുടെ യൂട്യൂബ് ചാനലിലൂടെ ചടങ്ങിന്റെ ദൃശ്യങ്ങള്‍ കുടുംബം പങ്കുവച്ചിട്ടുണ്ട്.
‘എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നതാണ് ചേച്ചിയ്ക്ക് ഇഷ്ടം. ചേച്ചിയ്ക്ക് വേണ്ടി ഞങ്ങള്‍ ഒരു കേക്ക് വാങ്ങിയിട്ടുണ്ട്. ചേച്ചി ഇത് കാണുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’- സഹോദരി പറഞ്ഞു.
കരൾ രോഗത്തെ തുടർന്ന് ഈ കഴിഞ്ഞ ഫെബ്രുവരി 22നാണ് സുബി സുരേഷ് അന്തരിക്കുന്നത്. കരൾ മാറ്റിവെക്കൽ സർജറിക്കൊരുങ്ങുമ്പോഴാണ് നടിയെ മരണം കവർന്ന് എടുത്തത്.മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായിരുന്നു സുബി സുരേഷ്. സിനിമാല എന്ന ഹാസ്യപരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
കുട്ടിപ്പട്ടളം എന്ന ഷോയും നടിയുടെ ജനപ്രീതി വർധിപ്പിച്ചു. കനകസിംഹാസനം, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.