കോട്ടയം: ഉമ്മൻ ചാണ്ടിയെക്കുറിച്ചു നല്ലതു പറഞ്ഞതിന് മൃഗസംരക്ഷണ വകുപ്പിലെ പാർട്ട് ടൈം സ്വീപ്പറെ പിരിച്ചുവിട്ടെന്ന പരാതിവസ്തതുകൾക്കു നിരക്കാത്തതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സതിയമ്മ താത്കാലിക ജീവനക്കാരി അല്ലെന്ന് മന്ത്രി പറഞ്ഞു.
ജിജി മോൾ എന്ന താത്കാലിക ജീവനക്കാരിക്കു പകരമായാണ് സതിയമ്മ ജോലിചെയ്തത്. ജിജിമോളുടെ അക്കൗണ്ടിലേക്കു വരുന്ന പണം സതിയമ്മ കൈപ്പറ്റിയിരുന്നു.
ആൾമാറാട്ടം നടക്കുന്നതായി ജില്ലാ ഡെപ്യൂട്ടി ഡയറക്ടർക്ക് ഒരാഴ്ച മുമ്പ് പരാതി കിട്ടി. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായ യഥാർഥ ആൾ തന്നെ ജോലി ചെയ്യണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടർ നിർദേശിച്ചത്. നടപടിക്കു പിന്നിൽ രാഷ്ട്രീയമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വൈക്കം പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണു സ്വീപ്പറായി ജോലിക്കുകയറിയത്. 4 വർഷത്തിനു ശേഷം കുടുംബശ്രീ വഴി കൈതേപ്പാലത്തേക്കു സ്വീപ്പറായി എത്തി. 8,000 രൂപയാണു മാസവേതനം.തനിക്കു പ്രത്യേകിച്ചു രാഷ്ട്രീയമൊന്നും ഇല്ലെന്നും ഉമ്മൻ ചാണ്ടി ചെയ്ത സഹായം മറക്കാൻ കഴിയാത്തതിനാൽ പറഞ്ഞതാണെന്നും സതിയമ്മ പറഞ്ഞു. അതേസമയം, കുടുംബശ്രീയിൽ നിന്നാണു സതിയമ്മയെ പിരിച്ചുവിട്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ബിജിമോൾ വ്യക്തമാക്കി.