കൊച്ചി : ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫിസുകളുടെ നിർമാണംനിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. ഉടുമ്പുൻചോല, ബൈസൻവാലി,ശാന്തൻപാറ എന്നിവിടങ്ങളിലെ പാർട്ടിഓഫിസുകളുടെ നിർമാണം നിർത്തിവയ്ക്കാനാണ് ജില്ലാ കലക്ടർക്ക് കോടതി നിർദ്ദേശം നൽകിയത്. മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റേതാണു നിർദേശം. നിർമാണം തടയാൻ ജില്ലാ കലക്ടർക്ക് പൊലീസ് സഹായം തേടാം. ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും ഹൈക്കോടതി നിർദേശം നൽകി.
മൂന്നാറിൽ നിയമം ലംഘിച്ചു കൊണ്ട് സിപിഎം പാർട്ടി ഓഫീസുകൾ നിർമ്മിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. എൻഒസി ഇല്ലാതെ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും അത് പാലിക്കാതെ നിർമ്മാണം പുരോഗമിക്കുകയായിരുന്നുവെന്നാണ്ആരോപണം.
ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് നിർമിക്കുന്നതു ചട്ടങ്ങൾ ലംഘിച്ചാണെന്നും അത്ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭൂപതിവ് ചട്ടം, കാർഡമം ഹിൽ റിസർവിലെ നിർമാണ ചട്ടം എന്നിവ ലംഘിച്ചാണ് നിർമ്മാണം. നിയമ ലംഘനം നടത്തിയവർക്ക് എതിരെകേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.