കോട്ടയം: എ.ഇ.ഒയ്ക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. സിഎൻഐ എൽപി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ടി.ജോണിനെയാണ് കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ കോട്ടയം എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അധ്യാപികയുടെ സർവീസ് പിരീഡ് റെഗുലറൈസ് ചെയ്ത് കൊടുക്കുന്നതിന് എഇഒ മോഹൻ ദാസിന് കൊടുക്കാൻ എന്ന പേരിൽ അധ്യാപികയിൽ നിന്ന് 10000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഈ കൈക്കൂലി തുക കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം ഇദ്ദേഹത്തെ സ്കൂളിലെ പ്രഥമാധ്യാപകന്റെ ഓഫിസ് മുറിയിൽ പിടികൂടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.