ന്യൂഡൽഹി: രാജ്യത്തിന്റെ 77ാം മത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

രാജ്യം മണിപ്പൂരിനൊപ്പമാണ്. മണിപ്പൂരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പൂരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അത് തുടരും. മണിപ്പൂർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണെന്നും മോദി പറഞ്ഞു.

മണിപ്പൂരിലെ സംഘർഷങ്ങളിൽ നിരവധി ജീവനുകൾ നഷ്ടമായി. സമാധാനത്തിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ. പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സർക്കാരും നടത്തുന്നുണ്ട്.

കൊറോണയ്ക്ക് ശേഷം പുതിയ ലോകക്രമം രൂപപ്പെട്ടു. പത്താമത് സാമ്പത്തിക ശക്തിയിൽ നിന്നും ഇന്ത്യ അഞ്ചാമതെത്തി. അടുത്ത അഞ്ചു വർഷത്തിനകം മൂന്നാമത്തെ ശക്തിയായി ഇന്ത്യ മാറും. രാജ്യത്തിന് മുന്നോട്ടുപോകാൻ ഭൂരിപക്ഷമുള്ള സുസ്ഥിര സർക്കാർ വേണം.

2014 ലും 2019 ലും ജനങ്ങൾ നൽകിയ ഭൂരിപക്ഷമാണ് പരിഷ്കരണങ്ങൾക്ക് ശക്തി നൽകിയത്. സ്ത്രീ ശക്തിയും യുവശക്തിയുമാണ് രാജ്യത്തിന്റെ പ്രതീക്ഷ. ഇന്നത്തെ തീരുമാനങ്ങൾ രാജ്യത്തെ ആയിരം വർഷം മുന്നോട്ടു നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം എന്നിവയ്ക്ക് രാജ്യത്തിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള കഴിവുണ്ട്. ഏറ്റവും അധികം യുവാക്കൾ ഇന്ത്യയിലാണ്. രാജ്യത്ത് എല്ലാവർക്കും അവസരമുണ്ട്.ആഗ്രഹിക്കുന്നവർക്ക് ആകാശത്തോളം അവസരം ഇന്ത്യ നൽകും. ഇന്ത്യയുടെ കയറ്റുമതി അതിവേഗം വർധിക്കുന്നു. കാർഷികരംഗത്തും കയറ്റുമതിയിലും ഇന്ത്യ മുന്നേറുന്നു. ഇന്ത്യ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നു. ഇന്ത്യയുടെ വളർച്ചയും വികസനവും രാജ്യത്തോടുള്ള ലോകരാജ്യങ്ങളുടെ വിശ്വാസത്തിന് കാരണമായി എന്നും മോദി പറഞ്ഞു.

രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത്.രാജ്യത്തിന് സ്വാതന്ത്ര്യം നേടി നൽകുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവർക്കും ആദരമർപ്പിക്കുന്നതായി മോദി പറഞ്ഞു.സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed