കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ തൃശ്ശൂരിൽ ഇന്ന് ബിജെപി കോർ കമ്മിറ്റി യോഗം ചേരും. ദേശീയ നേതൃത്വത്തിൻ്റെ അനുമതി കൂടി ലഭിച്ചതിന് ശേഷമായിരിക്കും പ്രഖ്യാപനം.
പരിഗണനാ പട്ടികയിൽ സന്ദീപ് വചസ്പതിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. പാർട്ടി മധ്യമേഖല അധ്യക്ഷൻ എൻ ഹരി, കോട്ടയം ജില്ലാ പ്രസിഡൻറ് ലിജിൻലാൽ, യുവമോർച്ച നേതാവ് സോബിൻ ലാൽ, ജോർജ് കുര്യൻ എന്നിവരും പട്ടികയിലുണ്ട്. അനിൽ ആൻറണിയുടെ പേരും യോഗത്തിൽ ചർച്ചയാകും.
കോർ കമ്മിറ്റിക്ക് ശേഷം സംസ്ഥാന ഭാരവാഹി യോഗവും എൻ ഡി എ യോഗവും തൃശൂരിൽ ചേരും. വിവിധ മോർച്ചകളുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ, ലോക്സഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ്, സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ ഒപ്പം മിത്ത് വിവാദത്തിൽ അടുത്ത് ഇനി എന്ത് നിലപാട് സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ബിജെപി നേതൃയോഗങ്ങളിലെ ചർച്ചാ വിഷയങ്ങളാകും.