കൊല്ലം: ശാസ്താംകോട്ട കായലിലെ എട്ടുവര്‍ഷം മുമ്പുള്ള യുവതിയുടെ മുങ്ങിമരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയുടെ (30) കൊലപാതകത്തില്‍ ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
2015 ജൂണ്‍ 17-ാം തീയതി രാത്രി ഏഴരയോടെയാണ് സംഭവം. ശാസ്താംകോട്ട ബോട്ട് ജെട്ടിയില്‍ നിന്ന് വെള്ളത്തില്‍ വീണ നിലയില്‍ അബോധാവസ്ഥയിലാണ് ഷജീറയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ, മൂന്ന് ദിവസം കഴിഞ്ഞ് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തുടക്കം മുതല്‍ തന്നെ ഷിഹാബിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളും നേരിട്ടുള്ള തെളിവുകളും ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചു. തുടക്കത്തില്‍ ശാസ്താംകോട്ട പൊലീസാണ് കേസ് അന്വേഷിച്ചത്.
രണ്ടുവര്‍ഷത്തിന് ശേഷം ഷജീറയുടെ ബന്ധുക്കളുടെ പരാതിയിലാണ് കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഷിഹാബ് ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. ഷജീറയുമായുളളത് പ്രതിയുടെ രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴു മാസത്തിനകമാണ് ഷജീറ മരിക്കുന്നത്.വെളുത്ത കാറും കറുത്ത പെണ്ണിനെയുമാണ് തനിക്ക് ലഭിച്ചത് എന്ന് പറഞ്ഞ് ഷജീറയെ ഷിഹാബ് മാനസികമായി പീഡിപ്പിച്ചിരുന്നതായി ക്രൈംബ്രാഞ്ച് പറയുന്നു. ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ല.
കൊലപാതകം നടന്ന ദിവസം കരിമീൻ വാങ്ങാമെന്ന പേരിലാണ് മൺറോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് ഷജീറയുമായി ഷിഹാബ് എത്തി. കരിമീൻ കിട്ടാതെ ഇവിടെ നിന്ന് മടങ്ങി. ആറരയോടെ ജങ്കാറിൽ കല്ലുമൂട്ടിൽ കടവിൽ തിരികെ എത്തുകയും തലവേദനയാണെന്ന് പറഞ്ഞ് ഷിഹാബ് ഇരുട്ടും വരെ ഇവിടെ തുടർന്ന ഷജീറയെ ബോട്ട് ജെട്ടിയിലെത്തിച്ച് വെള്ളത്തിലേക്ക് തള്ളിയിടുകയാണുണ്ടായതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് കേസന്വേഷണത്തിൽ നിർണായകമായത്. ചോദ്യം ചെയ്യലിൽ ഷിഹാബ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
There is no ads to display, Please add some