കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിൽ പരാതിയുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മിറ്റി. മണർകാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബ്ലോക്ക് കമ്മറ്റി അറിയിച്ചു.
വോട്ടെണ്ണൽ തീയതിയായ സെപ്റ്റംബർ എട്ടിനാണ് മണർകാട് വിശുദ്ധ മാർത്തോമറിയം കത്തീഡ്രൽ പള്ളിയിലെ പെരുന്നാളിന്റെ അവസാനദിനം. അന്നേദിവസം റോഡ് നിയന്ത്രണം വരെയുണ്ടാകും. അതുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ. രാജു പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ഇനിയുള്ളത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തിൽ ജനകീയ വോട്ടെടുപ്പ് നടക്കും. സെപ്തംബർ എട്ടിന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ ആരാണെന്ന് വ്യക്തമാകും.