ജോര്ജ്ടൗണ്: ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന് നടക്കും. ഗയാനയിലെ പ്രോവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. ആദ്യ കളി തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചെത്താന്‍ ജയം അനിവാര്യമാണ്. കളി വിജയിച്ച് പരമ്പരയിൽ ആധിപത്യം ഉറപ്പിക്കുകയാണ് വെസ്റ്റ് ഇൻഡീസിൻ്റെ ലക്ഷ്യം.

ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് ആദ്യ കളിയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബാറ്റിംഗ് ഓർഡറിലും ആരാധകർക്ക് അമർഷമുണ്ട്. മൂന്ന്, നാല് നമ്പറുകളിൽ സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന സഞ്ജു കഴിഞ്ഞ കളി ക്രീസിലെത്തിയത് ആറാം നമ്പരിൽ ഹാർദിക് പാണ്ഡ്യക്കും താഴെ. സഞ്ജുവിനെ ബാറ്റിംഗ് നിരയിൽ നേരത്തെ ഇറക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, ഇതിന് മാനേജ്മെൻ്റ് ചെവികൊടുക്കാനിടയില്ല.

ഇന്ത്യ സാധ്യതാ ഇലവന്: യശസ്വി ജെയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍.