കോവിഡിന്‍റെ പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവങ്ങളില്‍ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. ഏരിസ്’ എന്നാണ് പുതിയ വകഭേദത്തെ അറിയപ്പെടുന്നത്.

മുന്‍ റിപ്പോര്‍ട്ടില്‍ 4403 സ്രവങ്ങളില്‍ 3.7 ശതമാനത്തില്‍ മാത്രമേ കോവിഡിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നുള്ളൂ. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതരെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ വെബ്സൈറ്റില്‍ ലഭ്യമായ വിവരം അനുസരിച്ച് ജൂലൈ രണ്ടാം വാരത്തില്‍ യുകെയിലെ സീക്വന്‍സുകളില്‍ 11.8 ശതമാനത്തിലും ഏരിസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയിലും ഇജി 5.1 ഉണ്ട്. എക്സ്ബിബി.1.5, എക്സ്ബിബി.1.16, ബിഎ.2.75, സിഎച്ച്.1.1, എക്സ്ബിബി, എക്സ്ബിബി1.9.1, എക്സ്ബിബി 1.9.2, എക്സ്ബിബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍. 45 രാജ്യങ്ങളിലായി 4722 സീക്വന്‍സുകള്‍ ഇജി 5.1 ന്‍റേതായി കണ്ടെത്തിയിട്ടുണ്ട്.

അടുത്തിടെ ആഗോളശ്രദ്ധ നേടിയ ചില ചിത്രങ്ങള്‍ തിയറ്ററുകളിൽ റിലീസ് ചെയ്തത് യുകെയിലെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മോശം കാലാവസ്ഥയും കുറയുന്ന പ്രതിരോധശക്തിയുമാണ് മറ്റ് കാരണങ്ങള്‍. അമേരിക്കയിലും കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷം 10 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് സിഡിസി പറയുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *