തിരുവനന്തപുരം: പത്തുകോടിയുടെ മൺസൂൺ ബംപർ ആർക്ക് എന്ന അഭ്യൂഹങ്ങൾക്ക് വിട. മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ ഹരിതകർമ്മ സേനാംഗങ്ങൾ ചേർന്നെടുത്ത ടിക്കറ്റിനാണ്.
മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 വനിതകളെയാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനാർഹമായ ടിക്കറ്റ് പരപ്പനങ്ങാടിയിലെ പൊതുമേഖല ബാങ്കിൽ ഏൽപ്പിച്ചു.ബംപറടിച്ച ഭാഗ്യവാന്മാർ ഉടൻ തന്നെ പരസ്യമായി രംഗത്തുവരാതിരുന്നതിനെ തുടർന്ന് മൺസൂൺ ബംപർ ആർക്ക് എന്ന തരത്തിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു.
പാലക്കാടുള്ള കാജാ ഹുസൈൻ എന്ന ഏജന്റ് വിറ്റ MB 200261 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കുറ്റിപ്പുറത്തെ വിൽപനക്കാരന് കൈമാറിയ ടിക്കറ്റിനാണ് സമ്മാനമെന്നാണ് കാജാ ഹുസൈൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പത്തു ലക്ഷം വീതം അഞ്ചുപേർക്കാണ് രണ്ടാം സമ്മാനം.