തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ഡൽഹിയിലുള്ള രാഹുൽ വ്യാഴാഴ്ച പുതുപ്പള്ളിയിൽ എത്തുമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ വ്യാഴാഴ്ച മൂന്നരയ്ക്കാണു സംസ്കാര ചടങ്ങുകൾ.
ഇന്നലെ ബംഗളൂരുവിൽ ഉമ്മൻചാണ്ടിക്ക് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്ത്യോപചാരം അർപ്പിച്ചിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് സോണിയയും രാഹുലും മടങ്ങിയത്. രാഹുലിനും സോണിയക്കുമൊപ്പം മുതിർന്ന നേതാക്കളും ബംഗളൂരുവിൽ എത്തിയിരുന്നു.
തിരുവനന്തപുരത്തെ പൊതുദർശനങ്ങൾക്കുശേഷം കോട്ടയത്തേക്കുള്ള വിലാപയാത്രയിലും ആയിരക്കണക്കിനു പേരാണ് ഉമ്മൻ ചാണ്ടിയെ ഒരുനോക്കു കാണാനായി വഴിയോരത്തു കാത്തുനിൽക്കുന്നത്.റോഡിന് ഇരുവശവും കൈക്കുഞ്ഞുങ്ങളമായി എത്തിയ അനേകം അമ്മമാര്‍, വയോധികര്‍, അംഗപരിമിതര്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ജനകീയ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്നത് വഴിനീളെ കാണാമായിരുന്നു.