ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് മലയാളി താരം മിന്നു മണി. മത്സരത്തില്‍ നാലോവര്‍ ബോള്‍ ചെയ്ത താരം ഒന്‍പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതില്‍ ഒരോവറില്‍ റണ്‍സൊന്നും തന്നെ താരം വഴങ്ങിയില്ല.

അരങ്ങേറ്റ മത്സരത്തില്‍ ഓവറിലെ നാലാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണറെ മടക്കിയാണ് മിന്നു വരവറിയിച്ചത്. ഇന്ത്യന്‍ ടീമിനൊപ്പം ഏറെക്കാലം തുടരുമെന്ന് അടിവരയിടുന്ന പ്രകടനം ആദ്യ മത്സരത്തില്‍ത്തന്നെ മിന്നു നടത്തി. ഇതോടെ രണ്ടാം ടി20യിലും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മിന്നു ഇടം പിടിക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 20 ഓവറിൽ വെറും 95 റൺസ് മാത്രമാണ് നേടാനായത്. 19 റൺസെടുത്ത ഷഫാലി വർമയാണ് ടോപ് സ്കോറർ. കരിയറിലാദ്യമായി ഇന്ത്യൻടീമിനുവേണ്ടി ബാറ്റുചെയ്യാൻ അവസരം ലഭിച്ച മിന്നു മൂന്ന് പന്തിൽ അഞ്ചുറൺസെടുത്ത് പുറത്താവാതെ നിന്നു.

96 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കാൻ ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ മിന്നുവിനായിരുന്നു. മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ മിന്നുവിന് ഹര്‍മന്‍ പന്ത് കൈമാറി. രണ്ടാം പന്തില്‍ ഓപ്പണര്‍ ഷമീമ സുല്‍ത്താനയെ ഷെഫാലി വര്‍മയുടെ കൈകളില്‍ മിന്നു എത്തിച്ചു.

മത്സരത്തിൽ ഇന്ത്യ എട്ട് റൺസിന് വിജയിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 96 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 20 ഓവറിൽ 87 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമയും ഷഫാലി വർമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 38 റൺസെടുത്ത നായിക നിഗർ സുൽത്താന മാത്രമാണ് ബംഗ്ലാദേശിനായി തിളങ്ങിയത്.