കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നിന്ന് പഴകിയ കഞ്ഞി നൽകിയതായി പരാതി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ചേർത്തല സ്വദേശി ശ്യാമിനാണ് ദുരനുഭവം ഉണ്ടായത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ കഴിയുന്ന ശ്യാമിന് കഴിക്കാനാണ് കഞ്ഞി വാങ്ങിയത്. സഹോദരൻ ശരത്താണ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഭാരത് ഹോട്ടലിൽ നിന്ന് കഞ്ഞി പാഴ്സലായി മേടിച്ചത്.
എന്നാൽ തിരികെ ആശുപത്രിയിൽ എത്തി കഞ്ഞി കൊടുക്കാനായി തുറന്നപ്പോഴാണ് പഴകിയതാണെന്ന് തിരിച്ചറിഞ്ഞത്. ഇത് പറയാനായി തിരികെ ഹോട്ടലിൽ എത്തിയപ്പോൾ ജീവനക്കാരുടെ ഭീഷണിയും അസഭ്യവർഷവും നേരിടേണ്ടി വന്നതായി ശരത് പറയുന്നു.
സംഭവത്തിൽ കോട്ടയം നഗരസഭ ആരോഗ്യ വിഭാഗത്തിനും ഗാന്ധിനഗർ പോലീസിലും പരാതി നൽകി. ഇതേ തുടർന്ന് ആരോഗ്യവിഭാഗം ഹോട്ടലിൽ എത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഏറെ ആശ്രയിക്കുന്നത് ആശുപത്രിക്ക് മുൻപിലുള്ള ഹോട്ടലുകളെയാണ്.
വൈറസ് പനിയും മറ്റും പടർന്നു പിടിക്കുമ്പോൾ പൊതുജനാരോഗ്യത്തിനു ഹാനികരമായ രീതിയിൽ ഭക്ഷണവിതരണം നടത്തുന്ന ഇത്തരം ഹോട്ടലുകൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ശരത്തിന്റെ തീരുമാനം.
There is no ads to display, Please add some