കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച വാർത്ത വളരെ ഞെട്ടലോടെയാണ് പുറംലോകം അറിഞ്ഞത്. കോളേജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായ ശ്രദ്ധേയാണ് ആത്മഹത്യ ചെയ്തത്.
തങ്ങളുടെ ഒപ്പം കളിച്ചു ചിരിച്ചു നടന്നവൾ ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്നവൾ പെട്ടെന്നൊരുനാൾ എല്ലാം ഉപേക്ഷിച്ച് മൺമറഞ്ഞപ്പോൾ എന്തിനെന്നു പോലും അറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഓരോ വിദ്യാർത്ഥികളും..! ഫോൺ പിടിച്ചു വെച്ചതിന്റെ പേരിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് ഒളിഞ്ഞും തെളിഞ്ഞും ചിലർ പറയുന്നു. എന്നാൽ ഇതിനൊന്നും പ്രതികരിക്കാൻ കോളേജ് അധികൃതർ തയ്യാറായിട്ടില്ല. പെൺകുട്ടിയെ കുറിച്ചോ അവളുടെ മരണത്തെക്കുറിച്ചോ സംസാരിക്കാൻ വിദ്യാർഥികൾക്ക് പോലും അനുവാദമില്ല…! കോളേജ് അധികൃതർ ഒരു ആദരാഞ്ജലിയിൽ മാത്രം ഒതുക്കിയത് ഇപ്പോഴും വിദ്യാർത്ഥികളിൽ അസ്വസ്ഥത ഉണ്ടാക്കുന്നു.
കോളേജിൽ തുറന്നു സംസാരിക്കാൻ അനുവാദമില്ലാത്ത വിദ്യാർഥികൾ തങ്ങളുടെ പ്രതിഷേധം സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പങ്കുവെക്കുന്നത്. അതിൽ അവർക്ക് തീരാ വേദനയായി തീർന്നത് ശ്രദ്ധ കഴിഞ്ഞവർഷം ഒരു പോസ്റ്റിനിട്ട പ്രതികരണമാണ്. “പഴയകാലത്തിലേക്ക് തിരിച്ചു പോകാൻ ഒരു ചാൻസ് കിട്ടിയാൽ എന്താകും നിങ്ങളുടെ ആഗ്രഹം എന്നായിരുന്നു ആ പോസ്റ്റ്.. അതിന് മറ്റൊരു കോളേജ് തിരഞ്ഞെടുക്കുമെന്നാണ് അവൾ നൽകിയ മറുപടി!” ആ ഒരൊറ്റ വാക്കിലുണ്ട് അവൾ അനുഭവിച്ച മാനസിക സംഘർഷത്തിന്റെ കണക്കുകൾ..
എന്തിന് അവൾ മരിച്ചു? എന്താണ് അവൾക്ക് സംഭവിച്ചത്? വിദ്യാർഥികൾ ഓരോരുത്തരും ആവർത്തിച്ചു ചോദിക്കുന്ന ചോദ്യം..! എന്നാൽ ആർക്കും ധൈര്യത്തോടെ മുന്നോട്ടുവരാൻ സാധിക്കുന്നില്ല.. ഏതൊക്കെയോ ചരടുകളാൽ ബന്ധനത്തിൽ അകപ്പെട്ട പോലെ.
മറ്റു കോളേജുകളിലായിരുന്നെങ്കിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം മാധ്യമങ്ങൾ പോലും ഏറ്റെടുക്കുന്നില്ല എന്ന ആക്ഷേപവും ശക്തം. ഈ വാർത്ത ആദ്യം പുറം ലോകം അറിഞ്ഞതാകട്ടെ “ക്രിട്ടിക്കൽ ടൈംസിലൂടെയും..” വിടരും മുൻപേ സ്വപ്നങ്ങളെല്ലാം ബാക്കി ആക്കി പോയ കുഞ്ഞനുജത്തിക്ക് ആദരാജ്ഞലികൾ…
There is no ads to display, Please add some