തൃശൂർ: തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിൽ ടെംപോ ട്രാവലർ കത്തി നശിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ താഴത്തെ പടിയിൽ വെച്ചാണ് സംഭവം. വിവാഹ പാർട്ടികളെ എടുക്കാൻ കാലിയായി പോയ ട്രാവലറാണ് കത്തിയത്.
കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തിൽ ആദ്യ ഘട്ടത്തിൽ ആളുകളെ ഇറക്കിയ ശേഷം രണ്ടാം ഘട്ടം ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് തീപിടുത്തം ഉണ്ടാകുന്നത്.
തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വളരെ പെട്ടെന്ന് വാഹനത്തിൽ ആളിപിടിക്കുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങി. ആളുകൾ വാഹനത്തിൽ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
കത്തി തുടങ്ങിയ ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിക്കാനായതും അപകടം ഒഴിവാക്കി. സമീപത്തുള്ള വീട്ടുകാരും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തിനശിച്ചു. ഷൊർണ്ണൂരിൽ നിന്നും അഗ്നി രക്ഷാ സേനയും പഴയന്നൂർ പോലീസും സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ലിതിന് എന്നയാളുടെ ഉടമസ്ഥതതയിലുള്ളതാണ് വാഹനം.
