തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിദേശ വനിതയ്‌ക്കും മകള്‍ക്കും സുരക്ഷ ഉറപ്പു വരുത്തണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിന് പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വര്‍ക്കല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.സനോജിനെയാണ് എഡിജിപി എംആര്‍ അജിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

വര്‍ക്കലയില്‍ താമസിക്കുന്ന റഷ്യന്‍ വനിതയ്‌ക്കും പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കുമെതിരെ മുന്‍ ഭര്‍ത്താവും മലയാളിയുമായ അഖിലേഷില്‍ നിന്ന് ആക്രമണ ഭീഷണിയുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കവെയാണ് ഇവര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ സനോജ് നടപടി സ്വകരിച്ചില്ല. ഇതേ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി.

ഏപ്രില്‍ 12-നാണ് ഇവര്‍ താമസിയ്‌ക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി അഖിലേഷ് വധഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെ കാറിന് കേടുപാടുകള്‍ വരുത്തുകയും സിസിടിവി ക്യാമറകള്‍ എടുത്തുകൊണ്ട് പോകുകയും ചെയ്തു. തൊട്ടടുത്ത ദിവസം വിദേശ വനിത വര്‍ക്കല സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാതെ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണ് സനോജ് ശ്രമിച്ചതെന്ന് എഡിജിപിയുടെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

ഡിജിപിയുടെ നിര്‍ദ്ദേശം ഉണ്ടായിട്ട് കൂടി കേസില്‍ പ്രധാന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജനത്തിന് നിയമ പരിരക്ഷ നല്‍കുന്നതില്‍ വീഴ്ച, മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം മനപ്പൂര്‍വ്വം അവഗണിക്കല്‍, അധികാര ദുര്‍വിനിയോഗം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

സനോജിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്വേഷണം നടത്തുന്നതിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *