എരുമേലി: സ്വകാര്യ ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീണു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആളുകൾ ബസ് കാത്തു നിൽക്കുന്ന ഭാഗതേയ്ക്ക് അടർന്നു നിന്ന കോൺക്രീറ്റ് ഭാഗങ്ങൾ താഴേക്ക് പതിക്കുകയായിരുന്നു.
രണ്ടു കൊല്ലം മുൻപ് അപകടാവസ്ഥയിൽ ആയിരുന്ന ഭാഗങ്ങൾ അറ്റകുറ്റപണി നടത്തി ബലപ്പെടുത്തിയിരുന്നു.അന്ന് പ്ലാസ്റ്ററിങ് നടത്താതെയിരുന്ന ഭാഗങ്ങൾ ആണ് പിന്നീട് അടർന്നു വീണത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നു വീഴുന്നത്.
ആളുകൾ നിൽക്കുന്നിടങ്ങൾ കൂടാതെ ശൗചാലയങ്ങൾക്ക് ഉൾവശത്തും കോൺക്രീറ്റ് അടർന്നു അപകടാഅവസ്ഥയിൽ ആണ്.1984 ൽ ആണ് ബസ് സ്റ്റാൻഡ് കെട്ടിടം നിർമിച്ചത്.പല ഇടങ്ങളും കോൺക്രീറ്റ് അടർന്നു വീണ് കമ്പി തെളിഞ്ഞ അവസ്ഥയിൽ ഉള്ള കെട്ടിടത്തിൽ തന്നെയാണ് വില്ലേജ് ഓഫീസും പഞ്ചായത്ത് ലൈബ്രറി റീഡിങ് റൂമും പ്രവർത്തിക്കുന്നത്. ഇരുപതോളം കടകളും ഇതേ കെട്ടിടത്തിൽ ഉണ്ട്. ഈർപ്പവും മഴവെള്ളവും വീണ് കമ്പികളും തുരുമ്പിച്ച നിലയിൽ ആയതോടെ മഴക്കാലത്ത് ജീവൻ കയ്യിലെടുത്തു നിൽക്കേണ്ട അവസ്ഥയിൽ ആണ് യാത്രക്കാർ.
സ്കൂൾ തുറക്കുന്നതോടെ നൂറു കണക്കിന് വിദ്യാർഥികളും യാത്രക്കാരും കാത്തു നിൽക്കുന്ന ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ അടിയന്തിരമായി നടത്തണം എന്നാണ് ആവശ്യം ഉയരുന്നത്.
