മുണ്ടക്കയം: നെന്മേനി ശ്രീ ഭുവനേശ്വരിദേവീ ക്ഷേത്രത്തില്‍ മോഷണം. ഓഫീസ് മുറിയുടെ കതക് കുത്തിത്തുറന്ന മോഷ്ടാക്കള്‍ ഇതിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം അപഹരിച്ചു. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് ശ്രീകോവില്‍ തുറന്ന മോഷ്ടാക്കള്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 12 ഗ്രാമോളം തൂക്കംവരുന്ന രണ്ട് മാലയും ലോക്കറ്റും അപഹരിച്ചു.
മലയാളമാസം ഒന്നാം തീയതിയും ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് നെന്മേനി ഭുവനേശ്വരിദേവീക്ഷേത്രത്തിന്‍റെ തിരുനട തുറക്കുന്നത്. മറ്റുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വിളക്ക് വയ്ക്കുക മാത്രമാണ് ചെയ്യുന്നത്. തിങ്കളാഴ്ച വൈകുന്നേരം വിളക്കുവയ്ക്കുവാന്‍ എത്തിയപ്പോഴാണ് ഓഫീസ് കുത്തിത്തുറന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ആചാര പ്രകാരം ഇന്നലെ ശ്രീകോവില്‍ തുറന്നപ്പോഴാണ് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങളും മോഷണം പോയതായി കണ്ടത്. ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് മുണ്ടക്കയം പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
