തിരുവനന്തപുരം: സമൃദ്ധിയുടെ സ്‌മരണകളും പ്രതീക്ഷകളുമായി ഇന്ന് വിഷു. നരകാസുരനെ ശ്രീകൃഷ്‌ണൻ വധിച്ച ദിനത്തിൻ്റെ ആഘോഷമാണ് വിഷു എന്നാണ് ഐതിഹ്യം. മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ്. വർഷം മുഴുവൻ നീണ്ടുനിൽക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്.
വിഷുവിനു പ്രധാനം കണിയും കൈനീട്ടവും സദ്യയും തന്നെ. വീടുകളിലെ മുതിർന്നവർ കണികണ്ട ശേഷം കൈനീട്ടം നൽകും. ക്ഷേത്രങ്ങളിൽ വിഷുക്കണിക്കും കൈനീട്ടത്തിനും തിരക്കേറും. വിഷുവിനു ചെയ്യുന്ന കാര്യങ്ങൾ അടുത്ത ഒരു വർഷം നല്ല ഫലം തരുന്നതായും കണി കണ്ടാൽ ഐശ്വര്യം കിട്ടും എന്നുമാണു സങ്കൽപം.
വിളവെടുപ്പിന്റെ ഉത്സവകാലം കൂടിയാണ് വിഷു.മേടമാസമടുത്താൽ പിന്നെ പാടത്തും തൊടിയിലുമെല്ലാം സ്വർണ്ണവർണ്ണമാണ്. സമൃദ്ധിയുടെ സൂചകങ്ങളായ കണിക്കൊന്നയും കണിവെള്ളരിയുമൊക്കെ പറിക്കുന്ന തിരക്കിലായിരിക്കും കുട്ടികളും മുതിർന്നവരും.കണിക്കാഴ്ചകളെയൊന്നാകെ ഓട്ടുരുളിയിൽ നിറയ്ക്കുന്നതോടെ കണിയൊരുക്കമായി.
കൃഷ്ണവിഗ്രഹത്തിനടുത്തേക്ക് നടക്കുമ്പോൾ ഓട്ടുരുളിയിലെ ഫലസമൃദ്ധിപോലാവണേ വർഷം മുഴുവൻ എന്ന പ്രാർഥനയാണ്. വാൽക്കണ്ണാടിയിലൂടെ കാണുന്ന താൻ തന്നെയാണ് നിധിയും കണിയും എന്ന തിരിച്ചറിവായിരിക്കും ഹൃദയം നിറയെ. കണി കണ്ട് കൈനീട്ടം വാങ്ങി മനം നിറഞ്ഞാൽ പിന്നെ ആഘോഷങ്ങൾക്ക് തുടക്കമായി. നല്ല നാളെയെന്ന പ്രതീക്ഷയുമായി പൂത്തിരികൾ തെളിയുന്നത് മനസുകളിലാണ്. ആഘോഷങ്ങൾ അലയടിക്കുന്നത് ഹൃദയങ്ങളിലും.