പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിൽ റാപ്പർ വേടനെ വനം വകുപ്പിന് കൈമാറി പൊലീസ്. ഇന്ന് വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ കോടനാട്ടെ ഓഫീസിൽ വേടനെ പാർപ്പിക്കും. ഇതിനായി വേടനെ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ നിന്നും കോടനാട്ടേക്ക് കൊണ്ടുപോയി. തന്നെ ആരും കുടുക്കിയതല്ലെന്നും കേസുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്നും വേടൻ പ്രതികരിച്ചു.

അതേസമയം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനെ ജാമ്യത്തിൽ വിട്ട പൊലീസ്, വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയ കേസിൽ തത്കാലം കേസെടുക്കില്ല. എന്നാൽ ജാമ്യം ലഭിക്കുന്നതും അല്ലാത്തതുമായ വകുപ്പുകൾ വേടനെതിരെ ചുമത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസിന് ആശയക്കുഴപ്പമുണ്ട്. തത്കാലം വേടനെ വനം വകുപ്പിന് കൈമാറാനുള്ള തീരുമാനം ഇതിന് പിന്നാലെയായിരുന്നു. വേടൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളുടെ വിശദാംശങ്ങൾ അടക്കം ചേർത്ത് നാളെ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകും.

പുലിപ്പല്ല് കോർത്ത മാല ഉപയോഗിച്ച സംഭവത്തിലാണ് വേടനെ വനം വകുപ്പ് കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികളെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. നാളെ രാവിലെ 11 മണിയോടെ ഇദ്ദേഹത്തെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

You missed