കോട്ടയം: വാഗമണ്ണിലെ ചാർജിംങ് സ്റ്റേഷനിലേയ്ക്ക കാർ ഇടിച്ചു കയറി നാലു വയസുകാരൻ മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടി വരും.
അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായ വീഴ്ച വന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് കൂടാതെ ഇലക്ട്രിക് വെഹിക്കിൾ ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നതിലും വീഴ്ചയുണ്ടായതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വാഗമൺ വഴിക്കടവിലെ ചാർജിംങ് സ്റ്റേഷനിൽ കാറിടിച്ചു കയറി തിരുവനന്തപുരം സ്വദേശിയായ നാലു വയസുകാരനാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് വിഭാഗം പരിശോധന നടത്തിയത്.

ഇന്നു രാവിലെ എൻഫോഴ്സസ്മെന്റ് ആർ.ടി.ഒ സി.ശ്യാമും സ്ഥലം സന്ദർശിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.ആശാകുമാറിന്റെയും, എ.എം.വി.ഐ ജോർജ് വർഗീസിന്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് സ്ഥലത്ത് പരിശോധന നടത്തി. തുടർന്ന് റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു. കയറ്റമുള്ള സ്ഥലത്തേയ്ക്ക് വാഹനം കയറ്റി നിർത്താൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് സംഭവിച്ച പിഴവാണ് അപകട കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ.

വാഹനം നിയന്ത്രിത വേഗത്തിൽ കയറ്റം കയറ്റേണ്ടതിന് പകരം അമിതമായി ഡ്രൈവർ ആക്സിലേറ്ററിൽ കാലമർത്തി. ഇതിന് ശേഷം നിയന്ത്രണം നഷ്ടമായപ്പോൾ ബ്രേക്കിന് പകരം ആക്സിലേറ്റർ അമർത്തുകയും ചെയ്തു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് കൂടാതെ മറ്റൊരു സ്പെഷ്യൽ റിപ്പോർട്ട് കൂടി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാഗമണ്ണിലെ ചാർജിംങ് സ്റ്റേഷന്റെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതു പ്രകാരം ചാർജിംങ് സ്റ്റേഷൻ കയറ്റമുള്ള പ്രതലത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
പരന്ന പ്രതലത്തിൽ ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരുന്നു എങ്കിൽ ഇത്തരം അപകടം ഉണ്ടാകുമായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത് കൂടാതെ ചാർജിംങ് സ്റ്റേഷനിൽ ആളുകൾക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം ക്രമീകരിച്ചിരുന്നില്ല. ഇതു മൂലമാണ് ചാർജ് ചെയ്യുന്ന സ്ഥലത്ത് തന്നെ അമ്മയ്ക്കും കുട്ടിയ്ക്കും ഇരിയ്ക്കേണ്ടി വന്നത്.

ഈ ചാർജിംങ് സ്റ്റേഷനിൽ വാഹനങ്ങൾ മഴ നനയാതെ നിർത്തിയിട്ട് ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. ഇത് കൂടാതെ ചാർജ് ചെയ്യാൻ എത്തുന്ന വാഹനങ്ങൾ അമിത വേഗത്തിൽ ചാടി കടന്ന് ഇടിയ്ക്കാതിരിക്കാൻ സ്പീഡ് ബ്രേക്കർ ഹമ്പുകൾ സ്ഥാപിക്കേണ്ടിയിരുന്നു. ഇതും ചാർജിംങ് സ്റ്റേഷനിൽ സ്ഥാപിച്ചിരുന്നില്ല. അപകടം സംബന്ധിച്ചു തയ്യാറാക്കുന്ന റിപ്പോർട്ടിനൊപ്പം, ഇതു കൂടി ചൂണ്ടിക്കാട്ടി സ്പെഷ്യൽ റിപ്പോർട്ടും മോട്ടോർ വാഹന വകുപ്പ് അധികൃതർ സമർപ്പിക്കും.