കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ച സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി.അനിതയെ സ്ഥലം മാറ്റി. ഇടുക്കി മെഡിക്കല്‍ കോളജിലേക്കാണ് ഡി.എം.ഇ സ്ഥലം മാറ്റിയത്. ഉടന്‍ ജോലി ഒഴിയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഉത്തരവിറക്കി.
അതേസമയം തനിക്ക് അനുകൂലമായി മൊഴി കൊടുത്ത നഴ്‌സിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധവുമായി അതിജീവിത രംഗത്തെത്തി. കോഴിക്കോട് മെഡിക്കൽകോളജ് പ്രിൻസിപ്പൽ ഓഫീസിൽ കുത്തിയിരുന്നാണ് അതിജീവിത പ്രതിഷേധിച്ചത്.
സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് അതിജീവിതയുടെ നിലപാട്. എന്‍.ജി.ഒ യൂണിയന്‍ നേതാവ് നേരത്തെ അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു.
